സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യ ഹര്‍ജി വീണ്ടുംതള്ളി എസ്ഐടിക്കെതിരെയും കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വർണക്കവർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.
ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലും തിരുവാഭരണങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണ്ണം അധികാരികൾ തന്നെ ചേർന്ന് ദുരുപയോഗം ചെയ്തുവെന്ന ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവകരവുമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നു. സംരക്ഷകര്‍ തന്നെ വിനാശകരായ അവസ്ഥയെന്നാണ് ഇതിനെ കോടതി ഉത്തരവിൽ വിശേഷിപ്പിച്ചത്. (protectors become the destroyers) സ്വർണ്ണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണ്ണം തട്ടിയെടുക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ദേവസ്വം മാനുവൽ പ്രകാരം സ്വർണ്ണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർശനമായ നിയമങ്ങൾ (അളവ് തൂക്കം പരിശോധിക്കുക, സ്മിത്തിനെ നിയമിക്കുക തുടങ്ങിയവ) പ്രതികൾ ലംഘിച്ചുവെന്നും ജാമ്യം തള്ളിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
No comments