Breaking News

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു




എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ നടപടിയുമായി സര്‍ക്കാര്‍. പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളിൽ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ നാളെ തീരുമാനമെടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.

സ്റ്റേഷനകത്തെ നടുക്കുന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇന്ന് വീണ്ടും പുറത്തുവന്നത്. എറണാകുളം നോര്‍ത്ത് എസ് എച്ച് ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ജൂണില്‍ നടന്ന സംഭത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. 2024 ജൂണ്‍ 20ന് രാത്രി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ കൊച്ചിയില്‍ ലോഡ്ജ് നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോളെ വനിതാ പൊലീസുകാര്‍ വട്ടത്തില്‍ പിടിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്.

ഇതിനിടെ അങ്ങോട്ട് വന്ന അന്നത്തെ എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ആദ്യം ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളി. തൊട്ടടുത്ത നിമിഷം മുഖത്തടിച്ചു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. നാല് മാസം ഗര്‍ഭിണിയുമായിരുന്നു ആ സമയം ഷൈമോള്‍.

No comments