Breaking News

പൊരുതി വളർന്ന 
മലയോരക്കരുത്ത് ...മലയോരത്തു നിന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തുന്ന ആദ്യയാളാണ് സാബു അബ്രഹാം


കാസർകോട്  : മലയോരത്തു നിന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തുന്ന ആദ്യയാളാണ് സാബു അബ്രഹാം. കോൺഗ്രസുകാർ മർദ്ദിച്ച് മൃതപ്രായനാക്കി കലുങ്കിനടിയിൽ ഉപേക്ഷിച്ച ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഉയിർത്തെഴുന്നേറ്റ് ജില്ലാ പഞ്ചായത്തിൽ വിജയത്തിന്റെ ചെമ്പതാക ഉയരെ പാറിക്കുന്നത്. എളേരിത്തട്ട് ഗവ. കോളേജിൽ പഠിക്കവെ കെഎസ്യുവിന്റെ തട്ടകത്തിൽ

മലയോരത്തുനിന്നെത്തിയ പയ്യൻ ചലനങ്ങൾ സൃഷ്ടിച്ചതോടെ കണ്ണിലെ കരടായി. എസ്എഫ്ഐ നീലേശ്വരം ഏരിയ പ്രസിഡന്റായിരുന്നു അന്ന്. ഏരിയാ പഠന ക്യാമ്പ് കഴിഞ്ഞ് രാത്രിയിൽ മടങ്ങവെ നല്ലാമ്പുഴയിലായിരുന്നു വളഞ്ഞിട്ടുള്ള അക്രമണം. വിജനമായ സ്ഥലത്ത് റോഡിലിട്ട് മൃതപ്രായനാക്കിയശേഷം കലുങ്കിൽ തള്ളി കടന്നുകളയുകയായിരുന്നു. അതുവഴി വന്ന നാട്ടുകാർ കണ്ടില്ലായിരുന്നുവെങ്കിൽ ചോർവാർന്ന് ആ ജീവൻ നിലക്കേണ്ടതായിരുന്നു. ക്യാമ്പസിലും പുറത്തുമായി പിന്നീട് എത്രയോവട്ടം മർദനത്തിനിരയായി. കുറ്റിക്കോൽ ഡിവിഷനിൽനിന്ന് 7,380 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാബു അബ്രഹാം (54) ജില്ലാ പഞ്ചായത്തിലെ കന്നി മത്സരത്തിൽ തിളക്കമാർന്ന വിജയം നേടിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു. എളേരിത്തട്ട് ഗവ. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർച്ചയായി മൂന്നുവട്ടം സർവകലാശാല യൂണിയൻ കൗൺസിലറായും കലിക്കറ്റ് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ എളേരി ഡിവിഷനിൽനിന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.കൂത്തുപറന്പ് വെടിവയ്പ്പിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് 22 ദിവസം ദിവസം ജയിൽവാസം അനുഭവിച്ചു. മലയോര ഹൈവെ ആക്ഷൻ കമ്മിറ്റി കൺവീനറായിരിക്കെ മലയോര വികസനത്തിനായി രൂപരേഖ തയ്യാറാക്കി. ബികോം ബിരുദധാരിയാണ്. എളേരി സ്വദേശിയാണ്. ഭാര്യ: ഷീജ. മക്കൾ: ആസാദ് സാബു, അഥീന സാബു.

No comments