ജില്ലാ സ്കൂൾ കലോത്സവത്തിൽ 485 പോയിന്റുമായി കാസർകോട് ഉപജില്ല മുന്നിൽ ചിറ്റാരിക്കാൽ ഉപജില്ലക്ക് (320)പോയിന്റ്
മൊഗ്രാൽ : ജില്ലാ സ്കൂൾ കലോത്സവത്തിൽ 485 പോയിന്റുമായി കാസർകോട് ഉപജില്ല മുന്നിൽ. 449 പോയിന്റുമായി ഹൊസ്ദുർഗും 436 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കുന്പള (430), ബേക്കൽ (403), മഞ്ചേശ്വരം (369), ചിറ്റാരിക്കാൽ (320) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്. സ്കൂളുകളിൽ 98 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുർഗയാണ് മുന്നിൽ. ചട്ടഞ്ചാൽ
സിഎച്ച്എസ്എസ് (78) രണ്ടും ഉദിനൂർ ജിഎച്ച്എസ്എസ്, കുമ്പള ജിഎച്ച്എസ്എസ് എന്നിവ 75 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.യുപി വിഭാഗത്തിൽ 83 പോയിന്റുള്ള കാസർകോട്, കുന്പള ഉപജില്ലകൾ മുന്നിട്ടുനിൽക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കാസർകോട് (199), ചെറുവത്തൂർ (188) എന്നിവരാണ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ കാസർകോട് (203), ഹൊസ്ദുർഗ് (192) എന്നിവരും മുന്നിട്ടുനിൽക്കുന്നു. 64-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് നാടിന്റെ ഒരുമയിൽ വർണാഭമായ തുടക്കം. സാംരംഗി വേദിയിൽ ഹൈസ്കൂൾ വിഭാഗം
പെൺകുട്ടികളുടെ ഭരതനാട്യത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ ഇശലിൽ വട്ടപ്പാട്ടും ദമുട്ടുമടക്കമുള്ള മാപ്പിളകലകൾ നിറഞ്ഞപ്പോൾ വൈകിട്ട് ഒപ്പന മത്സരം തുടങ്ങിയതോടെ വേദിയാകെ നിറഞ്ഞു. പരിചമുട്ടും ചവിട്ടുനാടകം മംഗലംകളിയും ചാടിപ്പാടി തിമിർത്തപ്പോൾ രണ്ടാം വേദി ഗസിലിന് നാടൻ ചേല്. മൂന്നാംവേദിയിൽ ഭരതനാട്യത്തിന്റെ ലയ ലാസ്യഭംഗി നിറഞ്ഞു. രവീന്ദ്രൻ പാടിയുടെ വരികൾക്ക് വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതം നൽകിയ സ്വാഗതഗാനത്തോടെയാണ് കലോത്സവത്തിന്റെ സ്റ്റേജിനങ്ങൾ തുടങ്ങിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വെസ് പ്രസിഡന്റ് കെ കെ സോയ, അംഗങ്ങളായ ടി വി രാധിക, അസീസ് കളത്തൂർ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള, കുന്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൾഖാദർ, വൈസ് പ്രസിഡന്റ് എം ബൽക്കീസ്, പ്രധാനാധ്യാപകൻ ജെ ജയറാം, പ്രിൻസിപ്പൽ വി എസ് ബിനി, പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ സ്വാഗതവും കെ ശിശുപാലൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ അനുമോദിച്ചു.
No comments