കൈക്കൂലി വാങ്ങുന്നതിനിടെ റീ സർവേ ഏജന്റ് വിജിലൻസിന്റെ പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്
കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റീ സർവേ ഏജന്റ് വിജിലൻസിന്റെ പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്. റീ സർവേയിൽ കുറവ് വന്ന സ്ഥലം ഉൾപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഹാഷിം കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥർക്ക് നൽകാൻ പതിനഞ്ചായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പെരിയ സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള രണ്ടേക്കർ 40 സെന്റ് സ്ഥലം റീസർവേയ്ക്ക് ശേഷം ഒരേക്കർ 89 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി ആറുമാസം മുമ്പ് പരാതിക്കാരൻ കാഞ്ഞങ്ങാട് താലൂക്ക് സർവേ ഓഫീസിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അപേക്ഷ എഴുതാൻ ഇരിക്കുന്ന ഹാഷിമിനെ കൊണ്ട് പരാതി തയ്യാറാക്കിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചുപോയെങ്കിലും പ്രശ്നം പരിഹരിച്ചില്ല. ആറുമാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാത്തതിനാൽ പരാതിക്കാരൻ ഏജന്റായ ഹാഷിമിനെ കണ്ടു. പരാതി നൽകിയാൽ മാത്രം പോരാ കൈക്കൂലിയായി 30,000 നൽകണമെന്ന് അയാൾ നിർദ്ദേശിച്ചുവത്രേ. ഇത്രയും തുക നൽകാൻ തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ പരാതിക്കാരനോട് ഇരുപതിനായിരം രൂപ നൽകിയാൽ ശരിയാക്കാം എന്ന് ഹാഷിം ഉറപ്പു നൽകിയിരുന്നു. ഇത് പ്രകാരം ആദ്യഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. ബാക്കി തുക ശനിയാഴ്ച നേരിട്ട് നൽകണമെന്ന് ഹാഷിം പരാതിക്കാരോട് പറഞ്ഞു. പരാതിക്കാരൻ ഈ വിവരം കാസർകോട് വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. അദ്ദേഹം നിർദ്ദേശിച്ച പ്രകാരം മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് പതിനഞ്ചായിരം രൂപ ഹാഷിമിന് കൈമാറുമ്പോൾ വിജിലൻസ് എത്തി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത ഹാഷിമിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി.
No comments