മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പരാതിയില്‍ ഗുരുതര കുറ്റങ്ങള്‍
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതീവരഹസ്യമായാണ് രാഹുലിനെ അര്‍ധരാത്രിയില്‍ ഹോട്ടലില്‍ എത്തി എസ്‌ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്ന് അര്‍ധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചുകൊടുക്കാതെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം കസ്റ്റഡിയിലേക്ക് നീങ്ങുകയായിരുന്നു.
No comments