കോഴിവില കുത്തനെ ഉയർന്നതോടെ ദുരിതത്തിലായത് കോഴി കർഷകർ...
ചെറുവത്തൂർ : കോഴിവില കുത്തനെ ഉയർന്നതോടെ ദുരിതത്തിലായത് കോഴി കർഷകർ. രണ്ടാഴ്ചക്കകം കോഴി വിലയിൽ 40 രൂപയോളം വർധനവുണ്ടായി. പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് കർഷകർ കോഴി കുഞ്ഞുങ്ങളെ വാങ്ങുന്നത്.തമിഴ്നാട്ടിൽ നടക്കുന്ന കോഴി കർഷകരുടെ സമരത്തിന്റെ ഭാഗമായാണ് വില ഉയർന്നതെന്ന് കർഷകർ പറഞ്ഞു. 15 രൂപ മുതൽ 30 രൂപവരെ നൽകി വാങ്ങിയിരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 62 രൂപ നൽകണം. ഇവക്ക് നൽകാനുള്ള തീറ്റയുടെ വില 50 കിലോക്ക് 1990 രൂപയും നൽകേണ്ട സ്ഥിതിയാണ്. കോഴി ഫാമുകളിൽ ഉപയോഗിക്കുന്ന മരപ്പൊടിക്ക് വില വൻ തോതിൽ വർധിച്ചതും ഇത് ആവശ്യത്തിന് ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയാകുന്നു. ചകിരിച്ചോറിന് ചാക്കിന് ഇരുന്നൂറ് രൂപയും നൽകണം. ഇവയെല്ലാം ഒരുക്കി കോഴി പൂർണ വളർച്ചയെത്തുമ്പോഴേക്കും ചിലവ് ഏറെ. നിലവിൽ ഇറച്ചിക്കടകളിൽ 270 രൂപയാണ് കിലോ വില. കർഷകർ ഇടനിലക്കാർക്ക് നൽകുന്നത് 142 രൂപക്കാണ്. വില കുത്തനെ ഉയർന്നതോടെ തീൻ മേശയിൽ കോഴി വിഭവങ്ങൾ എത്തണമെങ്കിൽ ആളുകൾ അധികം തുക മുടക്കേണ്ടി വരും. ക്രിസ്മസ്, പുതുവത്സര ആഘോഷ സമയങ്ങളിൽ കോഴി വില വർധിക്കാറുണ്ടെങ്കിലും ഇത് കഴിഞ്ഞാൽ വില കുറയാറുണ്ട്. ഇത്തവണ അതുണ്ടായില്ല. കോഴിക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
No comments