ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 7 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കള്ളാർ സ്വദേശിയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 7 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതികളെ ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. കള്ളാർ ഒക്ലാവിലെ എ.സുബൈർ (23), കാഞ്ഞങ്ങാട് വടകരമുക്കിലെ കെ.എം കെ. കോർട്ടേഴ്സിൽ താമസിക്കുന്ന കെ. മുഹമ്മദ് ആഷിഖ് (28) എന്നിവരെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്കാണ് മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റൽ മുൻവശം നിർത്തിയിട്ട ബളാൽ കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോയിൽ നിന്നു പ്രതികൾ 7 പവന്റെ സ്വർണ വളകൾ പ്രതികൾ മോഷ്ടിച്ചത്. അഷറഫിന്റെ ഭാര്യാപിതാവ് കോളിച്ചാലിലെ പി. അബ്ദുള്ള വീണ് പരിക്കേറ്റ് തുടയെല്ല് പൊട്ടിയിരുന്നു. വിവരമറിഞ്ഞ് അഷറഫും ഭാര്യ കൗലത്തും കോളിച്ചാലിലെത്തി അബ്ദുള്ളയെ കൂട്ടി ആസ്പത്രിയിലേക്കു തിരിച്ചു. അബ്ദുള്ളയുടെ ഭാര്യ ആസിയയും മകന്റെ ഭാര്യ നിസ്രിയയും ഒപ്പമുണ്ടായിരുന്നു. വീടിന് അടച്ചുറപ്പില്ലാത്തതിനാൽ അവിടെ സൂക്ഷിച്ചിരുന്ന സ്വർണവളകളും കൈയിലെടുത്തു. ആശുപത്രിയിലെത്തിയ ഇവർ സ്വർണം ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ വെച്ച് പൂട്ടി. അബ്ദുള്ളയെ അഡ്മിറ്റ് ചെയ്ത് രണ്ടുമണിക്കൂറിനു ശേഷം തിരികെ വന്ന് നോക്കിയപ്പോൾ ഡാഷ്ബോർഡ് കുത്തിത്തുറന്ന നിലയിലായിരുന്നു. സ്വർണം നഷ്ടപ്പെട്ട വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. ഒരാൾ ഓട്ടോറിഷയുടെ മുൻ സീറ്റിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളിലേക്ക് വേഗത്തിലെത്താൻ പോലീസിന് സഹായമായത്.എസ്ഐ ശാർങധരൻ, എഎസ്ഐ മാരായ സുനിൽകുമാർ, സുഗുണൻ, ആനന്ദകൃഷ്ണൻ, സീ നിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി.അനിൽ,ബിജു എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തി അമ്പലത്തറയിൽ വെച്ച് സുബൈറിനെ പിടികൂടിയത് .ഇയാളുടെ മൊഴിക്ക് പിന്നാലെ കാഞ്ഞങ്ങാട് വട കരമുക്കിലെത്തിയ പോലീസ് നിരവധി കഞ്ചാവ് കേസിൽ പ്രതിയായ ആഷിഖിനെ പിടികൂടുകയും ഇയാളുടെ വീട്ടിൽ സൂക്ഷിച്ച് ഏഴുസ്വർണവളകളും കണ്ടെടുക്കുയും ചെയ്തു. ആഷിഖ് കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
No comments