Breaking News

പ്രതിഷ്ഠാ ചടങ്ങുകൾക്കൊരുങ്ങി കള്ളാർ സെയ്ന്റ് പീറ്റേഴ്സ് സിഎസ്ഐ ദേവാലയം


രാജപുരം : ഒരേ മനസ്സോടെയുള്ള അധ്വാനം ഫലംകണ്ടു. സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയ്ക്കായി കള്ളാർ അടോട്ടുകയയിൽ പ്രതിഷ്ഠയ്ക്കൊരുങ്ങി പുതിയ സെയ്ന്റ് പീറ്റേഴ്സ് ദേവാലയം. സിഎസ്ഐ കർണാടക സതേൺ രൂപതയ്ക്ക് കീഴിൽ കള്ളാർ അടോട്ടുകയയിൽ 1974- ലാണ് മധ്യതിരുവതാംകൂറിൽനിന്ന് കുടിയേറിയെത്തിയ അഞ്ച് കുടുംബങ്ങളുടെ പ്രാർഥാനാകേന്ദ്രമായി സെയ്ന്റ് പീറ്റേഴ്സ് ദേവാലയം തുറന്നത്. പിന്നീട് 1988-ൽ ദേവാലയം പുതുക്കിപ്പണിതിരുന്നു.

വർഷങ്ങൾ പിന്നിട്ടതോടെ പ്രദേശത്തെ സഭാഗംങ്ങളായ കുടുംബങ്ങളുടെ എണ്ണം 45 ആയി ഉയർന്നു. അതോടെയാണ് 2017-ൽ എല്ലാവർക്കും പ്രാർഥനയ്ക്കും മറ്റ് ഭക്തിപരമായ ചടങ്ങുകൾക്കുമായി സൗകര്യമുള്ള പുതിയ ദേവാലയം വേണമെന്ന ചിന്തയുയർന്നത്. പിന്നീട് അതിനുള്ള തീവ്ര ശ്രമത്തിലായിരുന്നു സഭയും മലയോരത്തെ സിഎസ്ഐ സഭാംഗങ്ങളായ കുടുംബാഗങ്ങളും. അതിനായി നടത്തിയ ശ്രമമാണിപ്പോൾ എട്ട് വർഷമെടുത്ത് യാഥാർഥ്യമാകുന്നത്.


ശനിയാഴ്ച രാവിലെ 8.30-ന് സിഎസ്ഐ കർണാടക സതേൺ രൂപതാ ബിഷപ്പ് റവ. ഹേമചന്ദ്രകുമാറാണ് ദേവാലയ പ്രതിഷ്ഠാശുശ്രൂഷ നിർവഹിക്കുക. പ്രതിഷ്ഠാ ശുശ്രൂഷാ ചടങ്ങുകൾക്കുശേഷം പ്രദക്ഷിണം, ദേവാലയ പ്രതിഷ്ഠാ സ്ഥിരീകരണ ശുശ്രൂഷ തുടങ്ങിയവ നടക്കും. ഫാ. ബിനു സി. ജോൺ, ഫാ. സുബീഷ് എം. മാത്യു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വംനൽകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കള്ളാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനംചെയ്യും. ബിഷപ്പ് റവ. ഹേമചന്ദ്ര കുമാർ അധ്യക്ഷനാകും. ബാലഭാരതി ഹേമചന്ദ്രകുമാർ, ഫാ. ജോസ് ആരീച്ചിറ, ഫാ. ജോർജ് പഴയപറമ്പിൽ, രേഖ ബർന്നബാസ്, ഫാ. ജോസ് കളത്തിപ്പറമ്പിൽ, ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്,
പഞ്ചായത്തംഗങ്ങളായ പി. ഗീത, കെ. ഗിരീഷ് കുമാർ, എച്ച്. വിഘ്നശ്വര ഭട്ട്, പി.കെ. സുബൈർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
വൈകീട്ട് 6.30-നടക്കുന്ന സംഗീതവിരുന്നോടെ ദേവാലയ പ്രതിഷ്ഠാ ചടങ്ങുകൾക്ക് സമാപനമാകും.

No comments