തീവ്രവെളിച്ചം ഉപയോഗിച്ചുള്ള മീൻപിടുത്തം കർണാടക ബോട്ട് പിടിയിൽ; 2.5 ലക്ഷം പിഴ ചുമത്തി
കാസർഗോഡ് : രാത്രി കാല ട്രോളിങ്ങിലൂടെയും തീവ്രവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലൂടെയും കടലിലെ ചെറുമീനുകളെയടക്കം അപ്പാടെ വിഴുങ്ങുന്നവരെ പിടികൂടാൻ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസം തീവ്രവെളിച്ചം ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും സംക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി അഴിത്തല വടക്കുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീവ്രവെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകത്തിൽനിന്നുള്ള കുർഷിത എന്ന ബോട്ട് ഉടമക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ ജി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ സിപിഓ ശരത് കുമാർ, റെസ്ക്യൂ ഗാർഡ്മാരായ ശിവകുമാർ, മനു, ഡവർ മുജീബ്, വിനോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
No comments