Breaking News

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു


കാസർകോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രപിതാവിനെ നിന്ദിക്കുന്നവരും ദേവസ്വം സ്വത്ത് കൊള്ളയടിക്കുന്നവരുമായ ദേശവിരുദ്ധരുടെ കൂടാരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറിയെന്ന് ബി പി പ്രദീപ്കുമാർ ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് വെട്ടി മാറ്റുകയും പദ്ധതിയെ തകർക്കുന്ന തരത്തിൽ അതിന്റെ ഘടന പോലും മാറ്റുന്ന രീതിയിൽ പുതിയ നയം നടപ്പിലാക്കിയ കേന്ദ്രസർക്കാരിനെതിരെയും ശബരിമലയിൽ അയ്യപ്പന്റെ സ്വർണ്ണം എസ് ഐ ടി അന്വേഷണം അട്ടിമറിക്കുന്ന തരത്തിൽ പിണറായി സർക്കാർ നടത്തുന്ന കൈകടത്തലുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത് . നെഹ്റുവിന്റെ പേര് നെഹ്റു യുവ കേന്ദ്രത്തിൽ നിന്നും മാറ്റിയത് പോലെ ഇന്ദിരാ ആവാസ് യോജനയിൽ നിന്നും ഇന്ദിരാഗാന്ധിയുടെ പേര് മാറ്റിയത് പോലെ രാജീവ് ഗാന്ധി ഖേൽരത്നയിൽ നിന്നും രാജീവ് ഗാന്ധിയുടെ പേര് വെട്ടി മാറ്റിയത് പോലെ ഇപ്പോൾ രാഷ്ട്രപിതാവിന്റെ പേര് പോലും മുറിച്ചുമാറ്റുന്ന രാജ്യത്തിന്റെ ചരിത്രം തിരസ്കരിക്കുന്ന ദേശവിരുദ്ധരായ ആളുകളായി മോദി സർക്കാർ മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ ഇല്ലാതാക്കാൻ രാജ്യത്തിന്റെ ചരിത്രം തന്നെ മായ്ച്ചു കളയേണ്ട ഗതികേടിലാണ് ബിജെപി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം കേരളം ഭരിക്കുന്ന പിണറായി വിജയനും കൂട്ടരും കേരളം മുഴുവൻ കൊള്ളയടിച്ച് അവസാനം ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം മുഴുവൻ കട്ടെടുത്തതിന്റെ പേരിൽ പാർട്ടിയുടെ നേതാക്കന്മാർ ഒന്നൊന്നായി ജയിലിൽ പോയപ്പോൾ ഇനിയും കൂടുതൽ നേതാക്കന്മാരും കടങ്കം പള്ളിയെ പോലെയുള്ള മുൻ മന്ത്രിമാരും ജയിലിൽ ആകുമെന്ന് കണ്ട് അന്വേഷണം അട്ടിമറിക്കാൻ എസ് ഐ ടിയിൽ സിപിഎമ്മുകാരായ പോലീസുകാരെ തിരുകി കയറ്റി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, ആഭ്യന്തരമന്ത്രിയാണ് എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ പിണറായി വിജയൻ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കുന്ന പാർട്ടി സെക്രട്ടറിയുടെ തരത്തിലേക്ക് തരംതാണു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് സി എം, ജവാദ് പുത്തൂർ, ജില്ലാ ഭാര വാഹികളായ മാർട്ടിൻജോ ർജ്, വിനോദ് കപ്പിത്താൻ, അനൂപ് കല്ല്യാട്ട്, റാഫി അഡൂർ, ശ്രീനാഥ് ബദിയടുക്ക, സുചിത്ത് തച്ചങ്ങാട്, അക്ഷയ എസ് ബാലൻ, മാർട്ടിൻ അബ്രഹാം, രജിത രാജൻ, നിയോജക മണ്ഡലം പ്രിസിഡന്റ് മാറായ, ആബിദ് എടച്ചേരി, വസന്തൻ ഐ എസ്,ഷിബിൻ ഉപ്പിലിക്കൈ, കോൺഗ്രസ് നേതാക്കളായ കുഞ്ഞി വിദ്യാനഗർ, ഉസ്മാൻ അണങ്കൂർ, അബ്ദുൾ റസാക്ക് ചെർക്കള, കമലാക്ഷ സുവർണ്ണ, ഷാഹിദ് പുലിക്കുന്ന്, പ്രശാന്ത് ഇടനീർ എന്നിവർ നേതൃത്വം നൽകി.

No comments