വിലത്തകർച്ചമൂലം ദുരിതമനുഭവിക്കുന്ന മലയോരത്തെ റബർ കർഷകർക്ക് പ്രതീക്ഷ നൽകി വില 200 കടന്നു
രാജപുരം : വിലത്തകർച്ചമൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്ക് പ്രതീക്ഷ നൽകി വില 200 കടന്നു. 200ൽ താഴെയുണ്ടായിരുന്ന റബർ വിലയാണ് ഒരാഴ്ച മുമ്പ് ഉയർന്നത്. സംസ്ഥാന സർക്കാർ റബർ കർഷകരെ സഹായിക്കുന്നതിനായി 200 രൂപ തറവില നിശ്ചയിച്ച് സബ്സിഡി നൽകി വന്നിരുന്നു. സംസ്ഥാനത്ത് ആർഎസ്എസ് 4 ഗ്രേഡിന് കിലോയ്ക്ക് 207രൂപയാണ്. ആർഎസ്എസ് 5 ഗ്രേഡിന് 202 രൂപയാണ് രാജ്യാന്തരവില ഇനിയും കൂടുമെന്നാണ് നിഗമനം. റബറിന് ക്ഷാമം
അനുഭവപ്പെടുന്നതാണ് വില ഉയരാൻ കാരണം. ടയർ കമ്പനികൾ റബർ വാങ്ങാൻ താൽപര്യം കാട്ടിയതും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. അന്താരാഷ്ട വിപണിയിലും വില ഉയർന്ന നിലയിലാണ്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ റബർ സ്റ്റോക്ക് ചെയ്യുന്നുമുണ്ട്. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം.
വിലയില്ലാത്തതിനാൽ ടാപ്പിങ് ചെയ്യാതെ ഉപേക്ഷിച്ച തോട്ടങ്ങൾ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് ആരംഭിച്ചിട്ടുണ്ട്. വിലത്തകർച്ച ഉണ്ടായതോടെ പലരും റബർകൃഷി കൈവിട്ടിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി റബർ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സബ്സിഡി കർഷകർക്ക് ഏറെ ആശ്വാസമാണ്. സർക്കാർ സഹായിക്കാൻ തുടങ്ങിയതോടെ റബർ കൃഷിയിലേക്ക് വീണ്ടും കർഷകർ വന്നു തുടങ്ങി.
No comments