Breaking News

സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷകർത്താക്കൾക്ക് എ ഐ പരിശീലനം നൽകി.സെൻറ് ജുഡ്സ് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളരിക്കുണ്ടിൽ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) വിഷയത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഡിജിറ്റൽ യുഗത്തിൽ കൃത്രിമ ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നു, വിദ്യാഭ്യാസ രംഗത്തും ദൈനംദിന ജീവിതത്തിലും എ ഐയുടെ പ്രായോഗിക ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ ലളിതമായ അവതരണങ്ങളിലൂടെ വിശദീകരിച്ചു. ഓൺലൈൻ സുരക്ഷയും ഉത്തരവാദിത്വപരമായ സാങ്കേതിക ഉപയോഗവും സംബന്ധിച്ച നിർദേശങ്ങളും പങ്കുവെച്ചു. ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർമാരായ  സാലി ജോസഫ്, സബിൻ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിയോൺ ബിനോയ്‌, എബൽ സെബാസ്റ്റ്യൻ, ഷെറിൻ, ദേവിക എന്നിവർ പരിശീലനം നയിച്ചു. വിദ്യാർത്ഥികൾ തന്നെ രക്ഷകർത്താക്കൾക്ക് ക്ലാസ് കൈകാര്യം ചെയ്തത് ശ്രദ്ധേയമായി.

രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കാൻ ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു.

No comments