Breaking News

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കാസറഗോഡ് ജില്ലയിൽ പോലീസ് പരിശോധന ശക്തം; വാറണ്ട് പ്രതികളും പിടികിട്ടാപുള്ളികളും ഉൾപ്പെടെ 182 പേർ പിടിയിൽ


കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രിയും മുതൽ ഇന്ന് പുലർച്ചെ വരെ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പിടികിട്ടാപ്പുള്ളികളും സാമൂഹ്യവിരുദ്ധരും വലയിലായി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വിവിധ കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 182 പേരെ അറസ്റ്റ് ചെയ്തു. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് 1529 പേർക്കെതിരെ നടപടിയെടുത്തു. തിരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയാൻ വാഹന പരിശോധന ഇനിയും കർശനമാക്കും. ജില്ലയിലെ റൗഡി, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിലും ഉൾപ്പെട്ട 212 പേരെ പരിശോധിച്ച് നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 8 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുൾപ്പെടെ ആകെ 23 പുതിയ കേസുകളാണ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ജില്ലയിലെ 61 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. താമസക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകി.


No comments