നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി'
കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം.
No comments