Breaking News

മലയോര ജനതയുടെ ചിരകാല അഭിലാഷമായ കാലിക്കടവ് പാലം യാഥാർഥ്യമായി


ഭീമനടി : മലയോര ജനതയുടെ ചിരകാല അഭിലാഷമായ കാലിക്കടവ് പാലവും യാഥാർഥ്യമായി. ജനങ്ങളുടെ പതിറ്റാണ്ടുകാലമായുള്ള മുറവിളിക്കാണ് എൽഡിഎഫ് സർക്കാർ പരിഹാരം കണ്ടത്. ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് പാലം നിർമിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തുടക്കത്തിലെ സാങ്കേതിക പ്രശന്ങ്ങൾ പരിഹരിച്ച് പാലവും അപ്രോച്ച് റോഡും നിർമാണം പൂർത്തിയായി. 3.77 കോടി രൂപ ചെലവഴിച്ചാണ് പാലം പണിതത്. 2.8 കോടി രൂപ അപ്രോച്ച് റോഡിന് ഉൾപ്പടെ 5.85 കോടി രൂപയുടെ പദ്ധതിയാണിത്. മൂന്ന് തൂണിൽ 25 മീറ്ററുള്ള രണ്ട് സ്പാനുകളും ഇരുവശത്തുമായി അഞ്ച് മീറ്റർ കാൻഡി ലിവർ സ്പാനും ഉൾപ്പെടെ 60 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിന്. 7.5 മീറ്റർ വീതിയിലാണ് കാരിയേജ് വേ. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. അപ്രോച്ച് റോഡിന് 5.5 മീറ്റർ വീതിയിൽ കാരിയേജ് വേയും സംരക്ഷണഭിത്തിയും അഴുക്കുചാലും ഒരുക്കിയിട്ടുണ്ട്.ഭീമനടി മുക്കട റോഡിൽ കാലിക്കടവിൽനിന്ന് മാങ്ങോട് എടത്തില വളപ്പ് റോഡിൽ ചെന്നടക്കത്ത് എത്തിച്ചേരുന്ന പാതയാണ് പാലം വരുന്നതോടെ തുറക്കുന്നത്. ബസ് ഗതാഗതമില്ലാത്ത ചെന്നടുക്കം, താലോലപ്പൊയിൽ, ജീരകപ്പാറ, മുള്ളൻകല്ല്, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ പാലം ആശ്വാസമാകും. നിലവിൽ ഈ ഭാഗങ്ങളിലെ ജനങ്ങൾ കാൽനടയായോ കിലോമീറ്റർ ചുറ്റിവളഞ്ഞോ ടാക്സി വാഹനങ്ങൾ ഉപയോഗിച്ചോ ആണ് യാത്രചെയ്യുന്നത്. ഇനി കാലിക്കടവ് മുള്ളൻകല്ല് ചെന്നടുക്കം വഴി യാത്ര എളുപ്പമാകും. ഇതുവഴി താലോലപ്പൊയിൽ, മൈത്താന്നി, കമ്മാടം വഴി ബസ് ഗതാഗതത്തിനും സാധ്യതയായി. സിപിഐ എം കാലിക്കടവ് ബ്രാഞ്ച്, ഭീമനടി ലോക്കൽ കമ്മിറ്റികൾ എം രാജഗോപാലൻ എംഎൽഎയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സർക്കാർ പാലം അനുവദിക്കാൻ നടപടി സ്വീകരിച്ചത്. സിപിഐ എം എളേരി ഏരിയ കമ്മിറ്റി നടത്തിയ മലയോര വികസന സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ വികസന രേഖയിലും കാലിക്കടവ് പാലത്തിനായി ആവശ്യമുയർന്നിരുന്നു.

No comments