െരിയടുക്കയില്‍ പുള്ളിപ്പുലിയെ വീട്ടുപറമ്പിലെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി
മുള്ളേരിയ (കാസർഗോഡ്): കാറഡുക്ക പഞ്ചായത്തിലെ പെരിയടുക്കയില്‍ പുള്ളിപ്പുലിയെ വീട്ടുപറമ്പിലെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി.
പെരിയടുക്കയിലെ വിനോദ് കുമാറിന്റെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ പുലിയുടെ ജഡം കണ്ടത്. ഏകദേശം ഒരു വയസ് പ്രായമുള്ള പെണ്‍പുലിയാണെന്നു വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കേരള-കർണാടക വനാതിർത്തിക്കു സമീപത്തുള്ള ജനവാസമേഖലയാണ് ഈ പ്രദേശം.
വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കുന്നതിനായി കിണറിനടുത്തെത്തിയപ്പോഴാണ് പുലിയുടെ ജഡം കണ്ടത്. ജഡത്തിനു അധികം പഴക്കമില്ലാത്തതിനാല്‍ ദുർഗന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം മുമ്പ് വെള്ളം കലങ്ങിയ പോലെ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു.
കാറഡുക്കയിലും തൊട്ടടുത്ത മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലും പലതവണ ജനവാസകേന്ദ്രങ്ങളില്‍ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു പുലികളെ ഇവിടെനിന്ന് കൂടുവച്ച് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടു പുലികള്‍ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനു തൊട്ടടുത്ത സ്ഥലത്ത് പുതുതായി നിർമിച്ച സൗരോർജവേലിയുടെയും വാച്ച് ടവറിന്റെയും ഉദ്ഘാടനത്തിനായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ എത്തിയ ദിവസംതന്നെയാണ് വീണ്ടും പുലിയുടെ ജഡം കണ്ടെത്തിയത്.
വൈകുന്നേരം 5.30ഓടെ കാസർഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ. ബാബു, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. രാജു, എസ്‌എഫ്‌ഒമാരായ പ്രവീണ്‍ കുമാർ, പി. ഗണേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുലിയെ പുറത്തെടുത്തു. ജഡം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഇന്ന് ആറളത്തുനിന്നെത്തുന്ന അസി. വൈല്‍ഡ് ലൈഫ് സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തില്‍ പോസ്റ്റ് മോർട്ടം നടത്തും.
No comments