Breaking News

അമ്പലത്തറയിലെ വീട് കവർച്ചയും മംഗൽപാടിയിലെ ലോറി മോഷണവും:നാല് പ്രതികൾ അറസ്റ്റിൽ

കാസറഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വൻ കവർച്ചാ കേസുകളിൽ പ്രതികളെ പിടികൂടി പോലീസ്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിച്ചരലിൽ വീട് കുത്തിത്തുറന്ന സംഘവും, കുമ്പളയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലോറി മോഷ്ടിച്ച സംഘവുമാണ് പോലീസിന്റെ പിടിയിലായത്.

1. അമ്പലത്തറയിൽ 'ഷട്ടർ ജലീലും' സംഘവും കുടുങ്ങി
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിച്ചരലിലെ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായത്. പാലക്കാട് നെന്മാറ സ്വദേശി ഷട്ടർ ജലീൽ, മംഗലംഡാം സ്വദേശി വിശ്വനാഥൻ എന്നിവരെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബർ 26-ന് വീട്ടുകാർ പുറത്തുപോയ സമയത്ത് വാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ലാപ്ടോപ്പും ക്യാമറയുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നിരുന്നു. ബൈക്കിൽ കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തെളിവെടുപ്പിനിടെ പ്രതികൾ കവർച്ചാ രീതികൾ പോലീസിനോട് വിവരിച്ചു.

2. മംഗൽപാടിയിൽ ലോറി മോഷ്ടിച്ച യുവാക്കൾ പിടിയിൽ
മംഗൽപാടി അടുക്കയിലെ ZMS ഫിഷ് സർവീസ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന ലോറി (KL 11 AZ 2317) മോഷ്ടിച്ച കേസിൽ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഇടനാട് സ്വദേശി മുഹമ്മദ് റിസ്‌വാൻ (20), പുത്തിഗെ സ്വദേശി അബ്ദുള്ള എ.പി (32) എന്നിവരാണ് പിടിയിലായത്.
മാർച്ച് 21-ന് രാത്രി നടന്ന മോഷണത്തിൽ കുമ്പള എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെയും സബ് ഇൻസ്‌പെക്ടർ സനീതിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 303 പ്രകാരം കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments