മലയോര മേഖലയുടെ ഹൃദയം തൊട്ട് എൽഡിഎഫ് സ്ഥാനാർഥി ഡോ.വി പി പി മുസ്തഫ ഈസ്റ്റ് എളേരിയിൽ സന്ദർശനം നടത്തി
ചിറ്റാരിക്കാൽ : പോകുന്നിത്തൊക്കെ പരിചയക്കാർ... ഏത് ഓഫീസിൽ ചെന്നാലും അവിടെ ബന്ധുക്കളോ, സഹപാഠിളോ, അവരുടെ ബന്ധുക്കളോ... വിദ്യാർഥി യുവജന സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ വലിയൊരു സ്നേഹ കൂട്ടായ്മ അതാണ് മലയോര കുടിയേറ്റ മേഖലയിൽ ആദ്യ സന്ദർശനത്തിൽ തന്നെ മുസ്തഫയുടെ അനുഭവം. കുടിയേറ്റ മേഖലയുടെ ഹൃദയം തൊട്ടറിഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.വി പി പി മുസ്തഫ വ്യാഴാഴ്ച മലയോര പഞ്ചായത്തായ ഈസ്റ്റ് എളേരിയിൽ സ്നേഹ സന്ദർശനം നടത്തിയത്. നാമനിർദേശ പത്രിക നൽകുന്നതിന് മുമ്പ് എല്ലാ പ്രദേശങ്ങളിലും എത്തി വോട്ടർമാരെ കാണാൻ സാധിക്കില്ലെങ്കിലും കിട്ടിയ സമയത്ത് ആകുന്നത്രയും ആളുകളെ കണ്ട് അവരുടെ പിന്തുണ തേടുകയെന്ന ലക്ഷ്യത്തോടെ ഉള്ള സന്ദർശനം ആയിരുന്നു ഈസ്റ്റ് എളേരിയിൽ. ആരാധനാലയങ്ങളും, ആദ്യകാല നേതാക്കളുടെ വീടുകളും സന്ദർശിച്ച് പിന്തുണതേടി. രാവിലെ നല്ലോംപുഴ ടൗണിൽ വ്യാപര സ്ഥാപനങ്ങൾ, കണ്ണിവയൽ ഗവ. യുപി സ്കൂൾ, കണ്ണിവയൽ ഗവ. ടിടിഐ, ചിറ്റാരിക്കാൽ, കാവുന്തല, തയ്യേനി ടൗൺ, കൊല്ലാട ടൗൺ, കടുമേനി ടൗൺ എന്നിവിടങ്ങളിൾ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. തയ്യേനി ലൂർദ് മാതാ ദേവാലയത്തിൽ ഫാദർ തോമസ് മേനേപാട്ട്പടിക്കൽ, പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ ഫാദർ ജോസ് മാണിക്കത്താഴെ എന്നിവർ സ്വീകരിച്ചു. നീലംപാറ ജുമാമസ്ജിദിൽ അസിസ്റ്റന്റ് ഖത്തീബ് ശിഹാബുദ്ധീൻ ഫാദിലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആയന്നൂർ ശിവക്ഷേത്രത്തിലും, കൊല്ലാട ജുമാമസ്ജിദിലും സ്വീകരണം നൽകി. പി കരുണാകരൻ എം പിയുടെ പിഎ ആയിരിക്കെ അകാലത്തിൽ വിടപറഞ്ഞ തയ്യേനിയിലെ പി ബി മനോജന്റെ വീടും,മരണമടഞ്ഞ സിപിഐ എം ജില്ലാ കമ്മറ്റി അംഗമായിരുന്ന പാവൽ കുഞ്ഞിക്കണ്ണൻ, എളേരി ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന അരിമ്പയിലെ എൻ ശ്രീധരൻ, ആയന്നൂരിലെ പി കെ ദാമോദരൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ കണ്ടു .എൽഡിഎഫ് നേതാക്കളായ സി ജെ സജിത്ത്, പി കെ മോഹനൻ, എൻ വി ശിവദാസൻ, എം എൻ പ്രസാദ്, പി പുഷ്പാകരൻ, ജോസ് പതാലിൽ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
No comments