Breaking News

പദ്മശാലിയ പൊറാട്ടിന് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി


പിലിക്കോട് : പദ്മശാലിയ പൊറാട്ടിന് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. കാർത്തികവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് തെരു സോമേശ്വരി ക്ഷേത്രത്തിൽ നിന്നുള്ള പൊറാട്ട് വേഷങ്ങളെത്തിയത്. ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിച്ച പൊറാട്ട് വേഷങ്ങൾ കാണികൾക്ക് ഹരം പകർന്നു. ചെണ്ടയിൽ വലംതല താളമടിച്ച് കൈവിളക്കുമായി വാല്യക്കാർ അരയാൽ തറയിലെത്തി കൊട്ടിയറിയിപ്പ് നടത്തിയതോടെയാണ് തെരുവിൽ പൊറാട്ട് വേഷങ്ങളിറങ്ങിയത്. അഷ്ടകൂടം ഭഗവതി (അട്ടക്കണോം പോതി), ചേകോൻമാർ, വാഴപ്പോതികൾ, കേളിപാത്രം തുടങ്ങിയ ആചാര വേഷങ്ങളാദ്യമെത്തി. ഇതിനുപിന്നാലെയാണ് അശ്ലീലത്തെ ശ്ലീലമാക്കി ചിന്തയ്ക്കും ചിരിക്കും വകനൽകിയ വേഷങ്ങളെത്തിയത്. ശാലിയ തെരുവുകളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി പൂരക്കാലത്ത് നടക്കാറുള്ള പൊറാട്ടിന്റെ തുടക്കവും അവസാനവും പിലിക്കോട്ടാണ്. രയരമംഗലം ഭഗവതിക്ഷേത്രം മുതൽ തെരു സോമേശ്വരി ക്ഷേത്രംവരെ പാതയോരത്ത് ആയിരങ്ങളാണ് പൊറാട്ട് കാണാൻ തടിച്ചുകൂടിയത്. 24-ന് രാവിലെ ഏഴിന് രയരമംഗലത്ത് മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെ കാർത്തികവിളക്ക് എഴുന്നള്ളത്ത് നടക്കും.

No comments