Breaking News

ചിറ്റാരിക്കാൽ കുടുംബരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യമുള്ള കെട്ടിടം യാഥാർഥ്യമാകുന്നു


ചിറ്റാരിക്കാൽ : ചിറ്റാരിക്കൽ കുടുംബരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യമുള്ള കെട്ടിടം യാഥാർഥ്യമാകുന്നു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ചിറ്റാരിക്കൽ ഇരുപത്തഞ്ചിൽ നിലവിലുള്ള കുടുംബരോഗ്യകേന്ദ്രം കെട്ടിടത്തിന് സമീപത്താണ് പുതിയകെട്ടിടവും ഉയരുന്നത്. 1974ൽ ആണ് ചിറ്റാരിക്കാലിൽ പിഎച്ച്സി അനുവദിക്കുന്നത്. ആദ്യം വാടകകെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്ഥാപനത്തിന് കവിയിൽ ജോസഫ് എന്ന മനുഷ്യസ്നേഹി ഇരുപത്തിയഞ്ചിൽ ഒരേക്കർ സ്ഥലവും ഒരു സെന്റ് സ്ഥലത്തെ കുളവും ആശുപത്രിയ്ക്കായി സൗജന്യമായി നൽകി. അന്ന് നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോഴും കുടുംബരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. 200ലേറെ രോഗികൾ നിത്യേന ആശ്രയിക്കുന്ന ഇവിടെ മൂന്ന് ഡോക്ടർമാരും എട്ട് താൽകാലിക ജീവനക്കാരും ഉൾപ്പെടെ 44 ജീവനക്കാർ ജോലി ചെയ്യുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള എട്ട് കുടുംബക്ഷേമ കേന്ദ്രങ്ങളും ഇതിന്റെ കഴിൽ ഉണ്ട്. ലാബ്, ഫിസിയോതെറാപ്പി സൗകര്യവും ഉണ്ട്. ലാബ് സൗകര്യം പൂർണമായും സൗജന്യമാണ്. ഒമ്പത് ബെഡും നിലവിൽ ഉണ്ട്. കാലപ്പഴക്കവും അസൗകര്യങ്ങളുമുള്ള നിലവിലെ കെട്ടിടത്തിന് പകരം മറ്റൊന്ന് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 2018ൽ 2.65 കോടി രൂപ അനുവദിച്ചെങ്കിലും പഞ്ചായത്ത് ആവശ്യമായ നടപടി സ്വീകരിച്ചില്ല. തുടർന്ന് കെട്ടിടം പണി അനിശ്ചിതത്വത്തിലായി. എം രാജഗോപാലൻ എംഎൽഎയും സിപിഐ എം ജില്ലാ നേതൃത്വവും ഇടപെട്ടതോടെയാണ് 3.45കോടി അനുവദിച്ച് പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തിയിലേക്ക് കടന്നത്. കേരളത്തിലെ ഏറ്റവും മികച്ച കുടുംബരോഗ്യ കേന്ദ്രത്തിനുള്ള ആർദ്രം പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരം കുടുംബരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

No comments