കുമ്പളയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ്: വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ചെന്നൈയിൽ പിടിയിലായ പ്രതിയെ കുമ്പളയിൽ എത്തിച്ചു
കാസർകോട്: സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിനെ കുമ്പളയിൽ എത്തിച്ചു.ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം, മുതലപ്പാറയിലെ അമീൻ സഫ്വാ (21)നെയാണ് എസ് ഐ സനിതിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുമ്പളയിൽ എത്തിച്ചത്. വിദേശത്തേയ്ക്ക് കടക്കാനായി ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. പൊലീസ് നേരത്തെ പുറത്തു വിട്ട നോട്ടീസ് പ്രകാരം യുവാവിനെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതർ യാത്രക്കാരനെ തടഞ്ഞു വയ്ക്കുകയായിരുന്നു. മാർച്ച് 30ന് രാത്രി 12ന് കുമ്പള- ബദിയഡുക്ക റോഡിൽ കൃഷ്ണ നഗറിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. കുമ്പള, മാട്ടം കുഴിയിലെ അഫ്സാൻ ഫഹദ് (19) ആണ് അക്രമത്തിനു ഇരയായത്. അഫ്സാനും സുഹൃത്ത് യാമിനും ഒരു ഹോട്ടലിൽ നിൽക്കുകയായിരുന്നു. ഈ സമയത്ത് രണ്ടു കാറുകളിലായി എത്തിയ എട്ടംഗസംഘം സുഹൃത്തായ യാമിനെ വിളിച്ചു കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച ത് തടയു ന്നതിനിടയിലാണ് അഫ്സാൻ ഫഹദ് ആക്രമത്തിനു ഇരയായത്. ഇതിനിടയിൽ യാമീൻ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ എട്ടുപേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട കുണ്ടങ്കേരടുക്കയിലെ മുഹമ്മദ് അനസ് പിന്നീട് പൊലീസ് മുമ്പാകെ ഹാജരായി. ഇയാൾ ഇപ്പോഴും റിമാന്റിലാണ്. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടയിലാണ് അമീൻ സഫ്വാൻ പിടിയിലായത്.
No comments