Breaking News

കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ


കാസർകോട്: കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ. ഉളിയത്തടുക്ക, നാഷണൽ നഗർ ബിസ്മില്ല മൻസിലിലെ ഹനീഫി(38)നെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ നിർദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് എറണാകുളം, ടിബി റോഡ് ജംഗ്ഷനിൽ വച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ പിൻസീറ്റിന്റെ ചാരുന്ന ഭാഗത്ത് രഹസ്യ അറ ഉണ്ടാക്കി അതിനു മുകളിൽ സീറ്റ് ഉറപ്പിച്ചാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സീറ്റു പൊളിച്ചു മാറ്റിയാണ് 31 പ്ലാസ്റ്റിക് പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നു കടത്തിക്കൊണ്ടു വന്ന കഞ്ചാവ് കോട്ടയം ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലായത്. ഒഡീഷയിലെ ലഹരി സംഘത്തിൽ നിന്നും കഞ്ചാവു വാങ്ങി ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇയാൾ കഞ്ചാവ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി എറണാകുളം പൊലീസ് ഉടൻ കാസർകോട്ടെത്തുമെന്നാണ് സൂചന.

No comments