Breaking News

ഉപ്പള സോങ്കാലിൽ കാറിൽ കടത്തുന്നതിനിടയിൽ 53.580 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ യുവാവിനെ പൊലീസ് സിനിമാസ്റ്റൈലിൽ പിടികൂടി


കാസർകോട്: ഉപ്പള, സോങ്കാലിൽ കാറിൽ കടത്തുന്നതിനിടയിൽ 53.580 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ യുവാവിനെ പൊലീസ് സിനിമാസ്റ്റൈലിൽ പിടികൂടി. കോഴിക്കോട് സ്വദേശി ഗോഡ്മിൻ ചാക്കോ (33)യെ ആണ് ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ അനന്തകൃഷ്ണൻ ആർ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോഴിക്കോട്, തിരുവമ്പാടി പൊന്നമംഗലം സ്വദേശിയായ ഗോഡ്വിൻ ചാക്കോ ഇപ്പോൾ കർണ്ണാടക, മാണ്ട്യയിലാണ് താമസം. 2026 ഫെബ്രുവരി ഒന്നിന് പുലർച്ചെ സോങ്കാലിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 53 ഗ്രാം എം ഡി എം യുമായി മംഗൽപ്പാടി, അമ്പാർപള്ളം, മാസിദ മഹലിൽ ഇദ്ദീൻ കുഞ്ഞി ഇർഷാദി (34)നെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് എം ഡി എം എ കൈമാറിയത് ഗോഡ്വിൻചാക്കോ ആണെന്ന വിവരം പൊലീസിനു ലഭിച്ചത്. അതിനു ശേഷം ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ മൈസൂരുവിൽഎത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് മേധവിക്കു ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ഞായറാഴ്ച്ച രാത്രി മൈസൂരിവിൽ എത്തി പ്രതിയെ കണ്ടെത്തി. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിൽ പൊലീസിനെ തള്ളി മാറ്റിയ ഗോഡ്വിൻ ചാക്കോ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വിടില്ലെന്ന വാശിയിൽ പൊലീസ് സംഘം കാറിനെ പിന്തുടർന്നു. മണിക്കൂറുകൾ നീണ്ട ഓട്ടത്തിനിടയിൽ മടിക്കേരിയിൽ വച്ച് പൊലീസ് സംഘം സഞ്ചരിച്ച വാഹനം റോഡിനു കുറുകെയിട്ടാണ് കാർ തടഞ്ഞു നിർത്തിയത്. ഗോഡിൻ ഇറങ്ങി ഓടാൻ ശ്രമിച്ചുവെങ്കിലും അതിനു മുമ്പു തന്നെ പൊലീസ് സംഘം പ്രതിയെ കീഴടക്കിയിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കാസർകോട് ജില്ലയിലേയ്ക്ക് മയക്കുമരുന്ന് എത്തുന്നതിന്റെ പ്രധാന വഴികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതിയെ പിടികൂടിയ സംഘത്തിൽ എ എസ് ഐ സുധീഷ്, സിവിൽ പൊലീസ് ഓഫീസർ കിഷോർ, ഡ്രൈവർ ജാബിർ എന്നിവരും ഉണ്ടായിരുന്നു.

No comments