കരുത്തും കരുതലും മാറ്റുരയ്‌ക്കുന്നു... സംസ്ഥാന മാർഷ്യൽ ആർട്സ് ഫെസ്റ്റിവലിന് കാഞ്ഞങ്ങാട്ട് തുടക്കമായി
കാഞ്ഞങ്ങാട് : കരുത്തിന്റെയും മെയ്വഴക്കത്തിന്റെയും വിസ്മയക്കാഴ്ചകളുമായി സംസ്ഥാന മാർഷ്യൽ ആർട്സ് ഫെസ്റ്റിവലിന് കാഞ്ഞങ്ങാട്ട് തുടക്കമായി. വിവിധജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് കായിക താരങ്ങളാണ് കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷൻ ആതിഥ്യമരുളുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ആദ്യരണ്ടുദിവസം കരാട്ടെ മത്സരമാണ്. 16ന് വുഷു, കളരിപ്പയറ്റ് മത്സരങ്ങൾ, 17ന് ആം റസ്ലിങ്, ജൂഡൊ, ബോക്സിങ്ങ് . 18, 19 തിയതികളിൽ തൈക്വാൺഡോ തുടങ്ങി ഏഴിനങ്ങളിലാണ് മത്സരം. കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ സൗമ്യ ഗോപിനാഥ് അധ്യക്ഷയായി. നഗരസഭ കായിക വിഭാഗം സ്ഥിരംസമിതി ചെയർമാൻ എം സേതു, എം കെ രാജശേഖരൻ, എം കുഞ്ഞബ്ദുള്ള, ടി പവിത്രൻ, കെ രേഖ, കെ വി രാമകൃഷ്ണൻ, അബ്ദുൽ ലത്തീഫ്, മൂസ പാലക്കുന്ന്, മനോജ് പള്ളിക്കര, സുരേഷ് മോഹൻ,എ എം ഗംഗാധരൻ, കെ വി കണ്ണൻ, നിതിൻ തീർത്ഥങ്കര, ഗഫൂർ ബേവിഞ്ച എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം അച്യുതൻ സ്വാഗതവും കെ സി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. 19ന് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും.
No comments