ടെൻഡർ ക്ഷണിച്ചു കരിന്തളത്ത് കേന്ദ്ര യോഗ നാച്ചുറോപ്പതി ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് വരും
വെള്ളരിക്കുണ്ട് : കരിന്തളത്ത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കുന്ന യോഗ നാച്ചുറോപ്പതി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഒടുവിൽ യാഥാർഥ്യമാവുന്നു. കല്ലിട്ട ശേഷം ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം ടെൻഡർ ക്ഷണിച്ചു. കേന്ദ്ര ആയുഷ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (സിസിആർവൈഎൻ)യാണ് ടെൻഡർ ക്ഷണിച്ചത്. ഇതിനായി നോഡൽ ഓഫീസറെയും നിയമിച്ചു.2019 ഫെബ്രുവരി മൂന്നിന് അന്നത്തെ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കാണ് കേന്ദ്രത്തിന് കല്ലിട്ടത്. ഗവേഷണ കേന്ദ്രവും നൂറുകിടക്കകളോടുകൂടിയ ആശുപത്രി ബ്ലോക്കും ഉൾപ്പെടെ 9,434.93 ചതുരശ്ര മീറ്ററിലുള്ള കെട്ടിടമാണ് വിഭാവനംചെയ്തത്. 90 കോടി രൂപ ചിലവിൽ നിർമിക്കുന്ന കേന്ദ്രം മൂന്നുവർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. എന്നാൽ ഏഴുവർഷമായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്രത്തിന് 15 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ 30 വർഷത്തേക്ക് കൈമാറിയിരുന്നു.പി കരുണാകരൻ എംപിയായിരിക്കെ അദ്ദേഹത്തിന്റെ സജീവമായ ഇടപെടലിലാണ് കേന്ദ്രം ആരംഭിക്കാനുള്ള നടപടിയുണ്ടായത്.2093.72 ചതുരശ്ര മീറ്ററിൽ ട്രീറ്റ്മെന്റ് ബ്ലോക്ക്, 1635.68 ചതുരശ്ര മീറ്ററിൽ ഒപി ബ്ലോക്ക്,2364.94 ചതുരശ്ര മീറ്ററിൽ ഇൻ പേഷ്യന്റ് അക്കമഡേഷൻ, 930 ചതുരശ്ര മീറ്ററിൽ യോഗ ബ്ലോക്ക്, 505.28 ചതുരശ്ര മീറ്ററിൽ ഡോക്ടർസ് അക്കമഡേഷൻ എന്നിവയടക്കം 9434.93 ചതുരശ്ര മീറ്ററിലാണ് കരിന്തളം തോളേനി മുത്തപ്പൻ മടപ്പുരക്ക് സമീപം കേന്ദ്രം സ്ഥാപിക്കുന്നത്.കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗം ഡോ. ഷിംജി പി നായരുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാനത്തെ ഏക യോഗ നാച്ചുറോപതി ഗവേഷണ കേന്ദ്രമാണ് കരിന്തളത്തേത്. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് അത് മുതൽക്കൂട്ടാവും.
No comments