സാമൂഹ്യ പഠനമുറികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന-വിനോദയാത്രയൊരുക്കി... പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള 34 പഠനമുറികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഏകദിന പഠന-വിനോദയാത്രയുടെ ഭാഗമാക്കും
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹ്യ പഠനമുറി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഏകദിന പഠന-വിനോദയാത്രയ്ക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹ്യ പഠനമുറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസം ട്രൈബല്‍ പ്രൊമോട്ടര്‍മാരുമായി ജില്ലാ കളക്ടര്‍ നടത്തിയ ആശയവിനിമയത്തിനിടെയാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് അത് പരിഗണിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു.
കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പത്ത് പഠനമുറികളില്‍ നിന്നുള്ള 193 വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ യാത്ര തിരിച്ചത്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും പഠനമുറി അധ്യാപകരുമുള്‍പ്പെടെ 15 ജീവനക്കാരും കുട്ടികളെ അനുഗമിക്കുന്നുണ്ട്.
ജില്ലയിലാകെ 54 സാമൂഹ്യ പഠനമുറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠന കൊഴിഞ്ഞുപോക്ക് തടയുക, പഠന നിലവാരം ഉയര്‍ത്തുക, സര്‍ഗാത്മക ശേഷികള്‍ പ്രോത്സാഹിപ്പിക്കുക, സമ്പൂര്‍ണ എന്‍റോള്‍മെന്റും റിട്ടെന്‍ഷനും ഉറപ്പാക്കുക, ഉയര്‍ന്ന ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ വിജയത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, കരിയര്‍ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടമായി എന്മകജെ, നീലേശ്വരം മേഖലകളിലെ 150 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠന-വിനോദയാത്ര നാളെ നടക്കും. വൈകാതെ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള 34 പഠനമുറികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഏകദിന പഠന-വിനോദയാത്രയുടെ ഭാഗമാക്കും.
കുട്ടികള്‍ക്ക് മാനസിക ഉല്ലാസവും പുതിയ അനുഭവങ്ങളും നല്‍കുന്നതിനും അവരുടെ ആത്മവിശ്വാസവും സാമൂഹിക ഇടപെടല്‍ ശേഷിയും വര്‍ധിപ്പിക്കുന്നതിനുമായി കൂടിയാണ് ഇത്തരമൊരു പ്രത്യേക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
No comments