എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. സംവിധായകന്‍ ജോഷി ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്.
കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. സംവിധായകന്‍ ജോഷി ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. സൂര്യ മോഹന്റെ 'ശിലീഭൂത'ത്തിന്റെ പ്ലോട്ട് മോഷ്ടിച്ചാണ് കെ ആര്‍ മീര 'എല്ലാ വിധ പ്രണയവും' എന്ന നോവല്‍ രചിച്ചതെന്നാണ് ആരോപണം. 'ശിലിഭൂത'ത്തിന്റെ അവതാരിക എഴുതാന്‍ വേണ്ടി കെ ആര്‍ മീരയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കെ ആര്‍ മീര തന്റെ നോവല്‍ പുറത്തിറക്കിയെന്നും ജോഷി ജോസഫ് പറഞ്ഞു.
'സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തെറാപ്പിയായാണ് സൂര്യ മോഹന്‍ എഴുത്ത് തുടങ്ങിയത്. സൂര്യ മോഹന്‍ ഇപ്പോള്‍ ഡിപ്രഷനിലാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യ മോഹന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. പിന്നീട് ഡിലീറ്റ് ചെയ്തു', ജോഷി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന ശബ്ദ ലിഖിതം എന്ന പേരിലാണ് ജോഷി ജോസഫിന്റെ ആരോപണം. മാഫിയ എഴുത്തുകാരിയെന്നാണ് ജോഷി ജോസഫ് കെ ആര്‍ മീരയെ വിശേഷിപ്പിച്ചത്. സീരിയല്‍ പ്ലോട്ട് ചോരി തുടരുന്നുവെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെടണമെന്നും ജോഷി ജോസഫ് പറഞ്ഞു.
മലയാള സാഹിത്യത്തില്‍ പ്രമേയങ്ങളും പ്ലോട്ടുകളും മോഷ്ടിക്കുന്ന ഒരു കോപ്പിയടി മാഫിയ സജീവമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോഷി ജോസഫ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിന്റെ പ്ലോട്ട് തന്റെ ഡോക്യുമെന്ററിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ജോഷി ആരോപിച്ചിരുന്നു. കോപ്പിയടി പരിശോധിക്കുന്ന ആപ്പില്‍ ഇട്ടാല്‍ കെ ആര്‍ മീരയുടെ 90 ശതമാനം സാഹിത്യവും റദ്ദായിപ്പോകുമെന്ന് ജോഷി പരിഹസിച്ചിരുന്നു.
No comments