അമ്പലത്തറ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടെ പടന്നക്കാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ
അമ്പലത്തറ : അമ്പലത്തറ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ. പടന്നക്കാട് കരുവളം സ്വദേശികളായ മുഹമ്മദ് അറഫാത്ത്(18), ജുനൈദ്(18), പതിനേഴുകാരൻ എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ 3.30 ഓടെ അമ്പലത്തറ ടൗണിലെ ക്യൂ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടത്തിയത്. അമ്പലത്തറ ടൗണിനടുത്തുള്ള എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ കവർച്ചാശ്രമം നടത്തിയ ശേഷം പ്രതികൾ ക്യൂ മാർട്ടിലെത്തി ഷട്ടർ തകർത്ത് അകത്തുകയറുകയും 56,000 രൂപയും സാധനങ്ങളും മോഷ്ടിക്കുകയുമായിരുന്നു. സമീപത്തെ ബാർബർ ഷോപ്പുടമ സംഭവം കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ ഒരാളെ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയും ഒളിച്ചിരുന്ന മറ്റ് രണ്ട് പേരെ മൂന്നാംമൈലിൽ നിന്ന് പിടികൂടുകയും ചെയ്തു. എസ്ഐ കെ ജയരാജ്, എഎസ്ഐ ബിജു കീലേരി, സിവിൽ പൊലീസ് ഓഫീസർ സതീശൻ പള്ളിക്കര എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് പിന്നീട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ക്യൂ മാർട്ടിലെ സിസിടിവി തകർത്ത നിലയിലായിരുന്നു. സൂപ്പർമാർക്കറ്റ് ഉടമ പുല്ലൂർ മീങ്ങോത്തെ എം കെ സുനിലിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽ പതിനേഴുകാരൻ നേരത്തെ മോഷണക്കേസിൽ പ്രതിയാണ്. ഫോറൻസിക് വിഭാഗവും സ്ഥത്തെത്തി പരിശോധന നടത്തി.
No comments