Breaking News

അനന്തുവിന് ചിരട്ട കേവലമൊരു പാഴ്‌വസ്തുവല്ല...ചിരട്ടയിൽ 
വിരിയും വിസ്‌മയങ്ങൾ


നീലേശ്വരം : അനന്തുവിന് ചിരട്ട കേവലമൊരു പാഴ്‌വസ്തുവല്ല.ഈ കൊച്ചുമിടുക്കന്റെ കൈയിലെത്തിയാൽ ചിരട്ടകളുടെ തലവര മാറും. വിളക്കും, കൂജയും താമരയുമൊക്കെയായി ചിരട്ട രൂപം പ്രാപിക്കും. നീലേശ്വരം കൊയാമ്പുറം കുറ്റിക്കടവിലെ കെ ടി അനന്തു രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥിയാണ്. നാല് വർഷത്തിനുള്ളിൽ വ്യത്യസ്തങ്ങളായ നിരവധി കരകൗശല വസ്തുക്കളാണ് നിർമിച്ചത്. പൂക്കൾ, മൂങ്ങ, സൈക്കിൾ, ഫ്ലവർ ബേസിൻ, കപ്പ് വിടർന്ന് നിൽക്കുന്ന സൂര്യകാന്തി, നിലവിളക്ക്, അടുക്കളയിൽ ഉപയോഗിക്കുന്ന വിവിധ വലിപ്പത്തിലുള്ള തവികൾ തുടങ്ങി നിത്യജീവിതത്തിൽ കാണുന്ന വസ്തുക്കളെല്ലാം അനന്തുവിന്റെ കരവിരുതിൽ പിറക്കും. സ്കൂൾ തലത്തിലും, ഉപജില്ലാ തലത്തിലും ശാസ്ത്രമേളയിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ നാല് വർഷവും മേളകളിൽ പങ്കെടുത്തു. മാസങ്ങളുടെ പ്രയത്നംകൊണ്ടാണ് പല രൂപങ്ങളും തയാറാക്കുന്നത്. പ്രോൽസാഹനവുമായി അച്ഛനും അമ്മയും കൂടെയുണ്ട്. സ്കൂളിലെ ക്രാഫ്റ്റ് അധ്യാപകരാണ് നിർദേശങ്ങൾ നൽകുന്നത്. ചിത്രരചനയിൽ തത്പരനായ അനന്തു കുപ്പികളിൽ വിവിധങ്ങളായ ചിത്രങ്ങൾ തീർത്തിട്ടുണ്ട്. ലക്ഷണമൊത്ത തേങ്ങ കണ്ടെത്തലാണ് ആദ്യ കടമ്പ. എങ്കിലേ പണിക്കൊത്ത ചിരട്ട കിട്ടു. പിന്നെ മനസിൽ കണ്ട രൂപത്തിനായി ചിരട്ട മുറിക്കൽ, മിനുസപ്പെടുത്തൽ, പശ വെച്ച് ഒട്ടിക്കൽ ഒടുവിൽ ചിരട്ട സുന്ദര രൂപങ്ങളായി മാറും. ഒരു ആക്സോ ബ്ലേഡും സാൻഡ് പേപ്പറും പോളിഷും ഉണ്ടെങ്കിൽ ശിൽപങ്ങളുണ്ടാക്കാനുള്ള സാധനങ്ങളായി. പടന്നക്കാട് കാർഷിക കോളേജിൽ നടന്ന മാംഗോ ഫെസ്റ്റിൽ അനന്തുവിന്റെ സ്റ്റാളിൽനിന്ന് 8000 രൂപയുടെ ചിരട്ടശില്പങ്ങളാണ് വിറ്റഴിച്ചത്. പടന്നക്കാട് കാർഷിക കോളേജിലെ ഫാം തൊഴിലാളി ടി വിനോദിന്റെയും തയ്യൽ തൊഴിലാളിയായ കെ ടി ബിന്ദുവിന്റെയും മകനാണ്. ഇരട്ട സഹോദരൻ അൻവിത് മെറ്റൽഷീറ്റുകൾകൊണ്ട് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കനാണ്. ഇളയ സഹോദരി അൻവിക.

No comments