ബോവിക്കാനം ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു
കാസർകോട് : ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു. ബോവിക്കാനത്തെ മുഹമ്മദ് റഫീഖി (29)ന്റെ പരാതിയിൽ ബാലനടുക്കത്തെ മുഹമ്മദ് അഷ്റഫ്, ഫാരിസ്, അഷ്റഫ്, കുട്ടാപ്പി കണ്ടാലറിയാവുന്ന മറ്റു ഏതാനും പേർക്കെതിരെയാണ് കേസ്. അതേ സമയം വീട്ടിൽ അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് മുഖത്ത് അടിച്ചതിന് മുഹമ്മദ് അഷ്റഫിന്റെയും ഭാര്യ മിസിയ്യയുടെയും പരാതിയിൽ മുഹമ്മദ് റഫീഖിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് റഫീഖിനെ കെട്ടിയിട്ട ശേഷം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ മുഹമ്മദ് റഫീഖ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ റഫീഖ് അക്രമം നടത്തുകയായിരുന്നുവെന്നും കീഴ്പ്പെടുത്താൻ മറ്റു വഴിയില്ലാത്തതിനെ തുടർന്നാണ് കെട്ടിയിട്ടതെന്നുമാണ് പ്രതികൾ പൊലീസിനു മൊഴി നൽകിയത്. എന്നാൽ വീട്ടിലേക്ക് വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നുവെന്നാണ് റഫീഖ് പൊലീസിനു നൽകിയമൊഴി യിൽ പറയുന്നത്.
No comments