ക്യാൻവാസിൽ തെളിഞ്ഞു, ‘ചുമർചിത്ര’ വിസ്മയം ചുമര്‍ചിത്രകലയില്‍ പുതിയൊരധ്യായം കുറിക്കുകയാണ് നീലേശ്വരത്തെ രമേശന്‍ ചിത്രശാലയും സംഘവും
നീലേശ്വരം : ചുവപ്പ്, കാവിമഞ്ഞ, പച്ച, വെള്ള, നീല, ഹരിതനീലം, കറുപ്പ്, സ്വർണ നിറങ്ങളിൽ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും വാനരൻമാരുമെല്ലാം തെളിഞ്ഞു. ഒരുങ്ങിയത് വലിയ കാൻവാസിലുള്ള മ്യൂറൽച്ചിത്രം. ചുമർചിത്രകലയിൽ പുതിയൊരധ്യായം കുറിക്കുകയാണ് നീലേശ്വരത്തെ രമേശൻ ചിത്രശാലയും സംഘവും. 10 അടി നീളത്തിലും വീതിയിലുമുള്ള ക്യാൻവാസിലാണ് തികവോടെ ഗംഭീര ചിത്രമൊരുക്കിയത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചായിരുന്നു വര. രാമായണം കഥയിലെ 'സേതുബന്ധനം' ഇതിവൃത്തമാക്കിയായിരുന്നു രചന. ചുമർചിത്രരചനയുടെ എല്ലാ സങ്കേതവുമുപയോഗിച്ച് മൂന്നു മാസമെടുത്താണ് അവസാനഘട്ടത്തിലെത്തിയത്. മുറിക്കകത്തെ ചുമരിൽ ക്യാൻവാസ് പിടിപ്പിച്ച് സ്കഫോഡുകൾ നിരത്തി ഏറെ ശ്രമകരമായാണ് വർണങ്ങൾ വീശിയത്. മുമ്പ് പച്ചിലച്ചായവും പഴച്ചാറും ധാതുക്കളും രാസവസ്തുക്കളും ചായങ്ങളുടെ നിർമാണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അക്രലിക്, എണ്ണഛായം എന്നിവയാണ് ഉപയോഗിക്കുന്നത്. വരകളുടെ കൃത്യത, വർണസങ്കലനം, അലങ്കാരങ്ങളുടെ പ്രാധാന്യം, വികാരാവിഷ്കാരത്തിലെ ശ്രദ്ധ ഇവ ചുമർചിത്രകലയിൽ പ്രധാനപ്പെട്ടതാണ്. ചെറുവത്തൂർ സ്വദേശി അശോകനാണ് സ്കെച്ച് തയ്യാറാക്കിയത്. രാഗേഷ് കരിന്തളം, സന്തോഷ് പള്ളിക്കര, രമേശൻ ചിത്രശാല എന്നിവർ ചേർന്നാണ് വര പൂർത്തിയാക്കിയത്. കോട്ടയം സ്വദേശിയുടെ ആവശ്യപ്രകാരമാണ് ചിത്രം ഒരുക്കിയത്.
No comments