കാസർഗോഡ് പെർണയിൽ ലോറിയിൽ കൊണ്ടുവന്ന് വഴിയരികിൽ മാലിന്യച്ചാക്കുകൾ തള്ളിയ തീയേറ്റർ അധികൃതരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു... 10,000 രൂപ പിഴയും ഈടാക്കി
കാസർകോട്: നായിക്കാപ്പ് സിദ്ധിവയൽ പെർണയിൽ ലോറിയിൽ കൊണ്ടുപോയി തള്ളിയ മാലിന്യച്ചാക്കുകൾ അതിന്റെ അവകാശിയെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. പോരാത്തതിനു 10,000 രൂപ പിഴയും ഈടാക്കി. 27 പ്ലാസ്റ്റിക് ചാക്കു കെട്ടുകളിലായി പെർണയിലെ പി ജി ഗോവിന്ദന്റെ തോട്ടത്തിന്റെ വഴിയിൽ തള്ളിയ മാലിന്യങ്ങളെക്കുറിച്ചു പുത്തിഗെ പഞ്ചായത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. പരാതി അനുസരിച്ച് എത്തിയ പഞ്ചായത്തധികൃതർ ചാക്കുകെട്ടുകളഴിച്ചു പരിശോധിച്ചപ്പോൾ അതിൽ കാസർകോട്ടെ മൂവി മാക്സ് ടാക്കീസിന്റെ ടിക്കറ്റിന്റെ കൗണ്ടർ ഫോയിലുകളും അതിനോടു ചേർന്ന ചായക്കടയിലെയും ലഘുഭക്ഷണശാലയിലെയും പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്നു മൂവി മാക്സ് അധികൃതരുമായി ബന്ധപ്പെട്ടു. അവരെ സ്ഥലത്തെത്തിച്ചു മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ച ശേഷം കാസർകോട്ടെ മാലിന്യം പുത്തിഗെയിൽ കൊണ്ടിട്ടതിനു 10,000 രൂപ ഫൈൻ ഈടാക്കുകയുമായിരുന്നു. മാലിന്യം എങ്ങോട്ടു കൊണ്ടുപോയെന്ന് അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
No comments