കാഞ്ഞങ്ങാട്ടെ ഭക്ഷണ ശാലകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി
പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെയും ഹെല്‍ത്തി കേരള ക്യാമ്പയിന്റെയും ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ടെ ഭക്ഷണ ശാലകളിലും ശീതള പാനീയ നിര്‍മ്മാണ യൂണിറ്റുകളിലും ചിക്കന്‍ സ്റ്റാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതും പകര്‍ച്ചവ്യാധി പടരാനുള്ള സാഹചര്യം സൃഷ്ടിച്ചതുമായ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും കര്‍ശന ശുചിത്വ നിര്‍ദ്ദേശങ്ങളും നല്‍കി. പുകയില നിരോധന നിയമം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ ശ്രീകുമാര്‍, എം എം നിമിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
No comments