Breaking News

പെരിയ ദേശീയപാതയിലെ സർവ്വീസ് റോഡിൽ വൻ ഗർത്തം.. കേന്ദ്ര സർവ്വകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഒരു ഭാഗത്തെ സർവ്വീസ് റോഡിലെ വാഹനഗതാഗതം തടസ്സപ്പെട്ടു


കാസർകോട് : പെരിയ ദേശീയപാതയിലെ സർവ്വീസ് റോഡിൽ വൻ ഗർത്തം. ഇതേ തുടർന്ന് കേന്ദ്ര സർവ്വകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഒരു ഭാഗത്തെ സർവ്വീസ് റോഡിലെ വാഹനഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാവിലെ 8.30 മണിയോടെ കാഞ്ഞങ്ങാട്ട് ഭാഗത്ത് നിന്നു കാസർകോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് എത്തിയപ്പോഴാണ് സർവ്വീസ് റോഡിൽ വലിയ ഗർത്തം കണ്ടതെന്നു പറയുന്നു. മുന്നോട്ട് നീങ്ങാൻ കഴിയാതെ ബസ് പിന്നോട്ടെടുത്ത് ദേശീയ പാതയിൽ എത്തിയാണ് യാത്ര തുടർന്നത്. ബസിന്റെ പിൻഭാഗത്തു ഉണ്ടായിരുന്ന കുടുങ്ങിയ നിരവധി വാഹനങ്ങളും സമാനരീതിയിലാണ് യാത്ര തുടർന്നത്. വിവരമറിഞ്ഞ് ദേശീയ പാത നിർമ്മാണ കമ്പനി അധികൃതർ സ്ഥലത്തെത്തി. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകർച്ചക്ക് കാരണമെന്നു നാട്ടുകാർ ആരോപിച്ചു. നിർമ്മാണം ശാസ്ത്രീയമായി നടത്തിയില്ലെങ്കിൽ പണി തടസ്സപ്പെടുത്തുമെന്നു നാട്ടുകാരും വ്യാപാരികളും മുന്നറിയിപ്പു നൽകി. ഓവുചാൽ നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നു കൂട്ടിച്ചേർത്തു.

No comments