Breaking News

ട്രോളിങ് വന്നാൽ രാജുവും വേണുവും തൈക്കടപ്പുറത്തെ ബോട്ട് ഗ്യാരേജിൽ ജോലിത്തിരക്കിലേക്ക്


നീലേശ്വരം : ട്രോളിങ് നിരോധനം നിലവിൽവന്ന് മത്സ്യത്തൊഴിലാളികൾ വിശ്രമത്തിലേക്ക് പോകുന്പോൾ തൈക്കടപ്പുറത്തെ സഹോദരങ്ങളായ രാജുവിനും വേണുവിനും വിശ്രമമില്ലാത്ത ജോലിത്തിരക്കിരക്ക് തുടങ്ങും. 51 വർഷമായി മീൻപിടിത്ത ബോട്ടുകളുടെ അറ്റകുറ്റ പണിയിലാണ് ഇരുവരും.1977ൽ എസ്എസ്എൽസി പഠനശേഷമാണ് അച്ചാംതുരുത്തി സ്വദേശിയായ രാജൻ തൈക്കടപ്പുറം ഹാർബറിനുസമീപം എറണാകുളം സ്വദേശികൾ നടത്തിവന്ന ഗ്യാരേജിൽ ജോലി തേടിയെത്തിയത്. അന്ന് ബോട്ടിന്റെയും തോണിയുടെയും അറ്റകുറ്റ പണികൾക്കുള്ള ഷീറ്റുകളും ബോർഡുകളും ഇപ്പോഴുള്ള പോലെ റെഡിമെയ്ഡായി കിട്ടുന്ന കാലമല്ലായിരുന്നു. ആ കാലത്ത് ഷീറ്റുകൾ ഉളിയും മുട്ടിയും ഉപയോഗിച്ച് ആവശ്യത്തിനനുസരിച്ച് ആകൃതി ഉണ്ടാക്കിയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഏത് വലുപ്പത്തിലുള്ള ഷീറ്റുകളും ആകൃതിക്കനുസരിച്ച് കിട്ടും. ട്രോളിങ് നിരോധനം അവസാനിച്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങുമ്പോഴേക്കും ജോലി തീർത്ത് ഉടമകൾക്ക് ബോട്ടുകൾ നൽകണം. എൻജിൻ പണിയും മരത്തിന്റെ പണിയും ഒഴിച്ച് ബാക്കി വെൽഡിങ് ജോലിയും മറ്റ് ഇരുമ്പു പണികളും ചെയ്യുന്നത് രാജുവും വേണുവുമാണ്. മുന്പ് ഒട്ടേറെപ്പേർ ഈ രംഗത്തേക്ക് വന്നിരുന്നുവെങ്കിലും പുതിയ തലമുറ ഇപ്പോൾ വരുന്നില്ലെന്ന് ഇവർ പറയുന്നു. ദൂരസ്ഥലങ്ങളിൽനിന്നും എൻജിൻ പണികൾക്കായി വരുന്നവർക്ക് കൈത്താങ്ങായി ഇവർ എപ്പോഴും കൂടെയുണ്ട്. പുതിയ വലിയ ബോട്ടുകളാണ് ഇപ്പോൾ മത്സ്യബന്ധനത്തിനുപയോഗിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണികൾ അധികവും ബേപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ചെയ്യുന്നത്. എങ്കിലും പഴയ ഇനം ബോട്ടുകൾ യാത്രയുടെ ദൂരം കണക്കിലെടുത്ത് ആൾക്കാരെ വരുത്തി പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. അവർക്ക് തുണയായി രാജുവും വേണുവും കൂടെയുണ്ടാവും.

No comments