അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി; 300 അപൂർവ രാമായണങ്ങളുടെ പ്രദർശനവും
െള്ളരിക്കുണ്ട്: മലയോരത്തെ പ്രസിദ്ധ ദേവി ക്ഷേത്രമായ അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ആചാരാനുഷ്ഠാനങ്ങളും അഖണ്ഡ രാമായണ പാരായണവും സംഘടിപ്പിച്ചു. രാവിലെ അഞ്ചുമണിയോടെ വാവുബലി കർമ്മങ്ങൾ ആരംഭിച്ചു. നൂറുകണക്കിന് ഭക്തർ ബലിതർപ്പണത്തിൽ പങ്കെടുത്തു.
ക്ഷേത്ര മേൽശാന്തി ജഗദീഷ് മനോളിത്തായ ക്ഷേത്രചടങ്ങുകൾക്കും ജയരാമ ബള്ളുളായ വാവുബലി കർമ്മങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു.
രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെ അഖണ്ഡ സമ്പൂർണ്ണ രാമായണ പാരായണ യജ്ഞവും നടന്നു. ഇതോടനുബന്ധിച്ച് വൈവിധ്യമാർന്ന രാമായണങ്ങളുടെ അപൂർവ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
300 അപൂർവ രാമായണങ്ങൾ കൗതുകമാകുന്നു
അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ കർക്കിടക വാവുബലി ദിനത്തിൽ ഒരുക്കിയിരിക്കുന്ന രാമായണ പ്രദർശനം സന്ദർശകരിൽ ഏറെ കൗതുകമുണർത്തുകയാണ്. 300 വർഷം പഴക്കമുള്ള ഓലയിൽ എഴുതിയ രാമായണം മുതൽ ഒരു സെന്റിമീറ്റർ മാത്രം വലിപ്പമുള്ള കുഞ്ഞുരാമായണം വരെ, വിവിധ ഭാഷകളിലും രൂപങ്ങളിലുമുള്ള ഏകദേശം 300 വ്യത്യസ്ത രാമായണങ്ങളും രാമായണ ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്.
അപൂർവ രാമായണങ്ങളുടെ പ്രദർശനം മാധ്യമപ്രവർത്തകൻ രാഘവൻ മൗവ്വേനി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.ചിങ്ങനാപുരം മോഹനൻ മാസ്റ്റർ, സജി മമ്പറയിൽ, സി. പത്മനാഭൻ മണത്തണ, കനകരാജൻ പി സംസാരിച്ചു.ഇന്ന് വൈകിട്ട് 4 മണിക്ക് സമാപന ചടങ്ങ് ഡോ വിലാസിനി ഉദ്ഘാടനം ചെയ്യും.
കൊട്ടിയൂർ ക്ഷേത്ര സ്ഥാനികനും മണത്തറ സ്വദേശിയുമായ സി. പത്മനാഭൻ തന്റെ അപൂർവ ശേഖരങ്ങളിൽ നിന്നാണ് പ്രദർശനം ഒരുക്കിയത്. വിവിധ കാലഘട്ടങ്ങളിലും രൂപങ്ങളിലും ഭാഷകളിലുമുള്ള രാമായണങ്ങളുടെ വൈവിധ്യം നേരിൽ കാണാൻ പ്രദർശനത്തിലൂടെ അവസരം ലഭിക്കും.
പുരാതന ഓലഗ്രന്ഥങ്ങളും അത്യപൂർവമായ ചെറുരൂപത്തിലുള്ള രാമായണങ്ങളും ഉൾപ്പെടുന്ന ശേഖരം കാഴ്ചക്കാരിൽ വിസ്മയവും കൗതുകവും സൃഷ്ടിക്കുന്നു. രാമായണത്തിന്റെ ചരിത്രവും പാരമ്പര്യവും വിവിധ അവതരണരീതികളും പരിചയപ്പെടുത്തുന്ന പ്രദർശനം അടുക്കളക്കുന്ന് ക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്ക് വേറിട്ട അനുഭവമായി മാറുകയാണ്.
No comments