കവ്വായിക്കായലിൽ ഇത്തവണ കല്ലുമ്മക്കായ ചാകര
തൃക്കരിപ്പൂർ : ഏഷ്യയിൽതന്നെ ഏറ്റവും കൂടുതൽ ശാസ്ത്രീയമായി കല്ലുമ്മക്കായ ഉൽപാദിക്കുന്നുവെന്ന് പറയപ്പെടുന്ന കവ്വായിക്കായലിൽ ഇത്തവണ ചാകര. കക്കവാരാൻ എത്തിയ തൊഴിലാളികൾക്ക് കൊട്ടനിറയെയാണ് ലഭിച്ചുതുടങ്ങിയത്. കൃഷിക്കുപുറമെ തെക്കെക്കാട്, ഇടയിലെക്കാട് ബണ്ടിന് സമീപത്തും വലിയപറമ്പ് മാവിലാക്കടപ്പുറം പാലം പരിസരത്തുമായി ഇത്തവണ സുലഭമായുണ്ട് കല്ലുമ്മക്കായ. ഒരാഴ്ചമുമ്പുവരെ ചാക്കൊന്നിന് 15,000രൂപവരെ ലഭിച്ചിരുന്നു. ചാകരയായതോടെ 4000 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. വലുപ്പം കുറഞ്ഞതുകൊണ്ടാണ് വില കുറഞ്ഞതെന്നാണ് ഇടനിലക്കാരന്റെ ഭാഷ്യം. കായലിൽ കല്ല് പാകിയ സ്ഥലങ്ങളിൽനിന്നാണ് കൂടുതലായി ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികളും പുറത്തുനിന്നെത്തുന്നവരും കായലിൽ ഇറങ്ങിയാണ് കല്ലുമ്മക്കായ പെറുക്കുന്നത്. കായലിലെ വെള്ളത്തിന് വിഷാംശം വർധിച്ചതിനാൽ കഴിഞ്ഞ മൂന്നുവർഷമായി കക്ക പൂർണമായും ഇല്ലാതായിരുന്നു. അടിത്തട്ടിൽ മാത്രം വളരുന്ന കല്ലുമ്മക്കായ ഇപ്പോൾ സുലഭമായി. നവംബറിൽ ആരംഭിക്കുന്ന കൃഷി മെയ് അവസാനത്തോടെയാണ് പാകമാകുന്നത്. ഇത്തവണ മഴ നേരത്തെ എത്തിയതിനാൽ കാര്യമായ വില ലഭിച്ചിരുന്നില്ല. മുളയിൽ തൂക്കിയിടുന്ന കൃഷിയിൽനിന്ന് വേർപെടുന്ന വിത്തുകളാണ് നിലവിൽ വലുതായി ലഭ്യമായത്.രണ്ട് പതിറ്റാണ്ടുമുമ്പ് കായലിൽ ബണ്ട് നിർമിച്ച് ഗതാഗതത്തിന് വഴിയൊരുക്കിയതോടെ തടസ്സപ്പെട്ട വേലിയേറ്റം അടുത്തകാലത്തായി പുനഃസ്ഥാപിച്ചിരുന്നു. തെക്കെക്കൊട് ബണ്ടിൽ മൂന്നും മാടക്കാൽ ബണ്ടിൽ രണ്ടും കൾവർട്ട്, പൈപ്പ് പാലങ്ങൾ ഒരുക്കിയാണ് അടിയൊഴുക്ക് സുഗമമാക്കിയത്.പുഴയെ പുനരുജീവിപ്പിച്ചതും മത്സ്യസമ്പത്ത് വർധിക്കാനിടയായി. കാലവർഷം കഴിയുന്നതോടെ ഈ മേഖലയിൽ ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെയും കല്ലുമ്മക്കായ വിത്തുകളും നിക്ഷേപിച്ചാൽ വരും വർഷങ്ങളിലും കർഷകർക്ക് നേട്ടമാകും
No comments