Breaking News

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്താനുള്ള തീരുമാനം ഏകപക്ഷീയം, പുനഃപരിശോധിക്കണം: മുഖ്യമന്ത്രി



തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രശ്നം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മംഗലാപുരം ജംഗ്ഷന്‍ റെയിവെ സ്റ്റേഷന്‍ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയ്ക്കും. ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്നും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എം പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തും', എന്നാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.

No comments