Breaking News

ഉഷസ് വായനശാല അയ്യങ്കാവിന്റെ സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും നടന്നു; വാർഡ് മെമ്പർ ലിറ്റി ജോസ് ഉദ്ഘാടനം ചെയ്തു


പൂടങ്കല്ല് : കള്ളാർ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവ് ഉഷസ് വായനശാലയുടെ (Reg. No.: 195/88) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും ആവേശോജ്ജ്വലമായി നടന്നു.

ഇന്നലെ രാവിലെ 10ന് വായനശാല ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് കള്ളാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ  ലിറ്റി ജോസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ദേശഭക്തിയും പൊതുവിജ്ഞാനവും വളർത്താൻ ഇത്തരം മത്സരങ്ങൾ ഏറെ സഹായകരമാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വായനശാല പ്രസിഡന്റ് ബി. രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എ. പത്മനാഭൻ സ്വാഗതം ആശംസിച്ചു. ഉഷസ്സ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് ശ്രീ. സി. കൃഷ്ണൻ, കിസാൻ പുരുഷ സ്വയംസഹായ സംഘം പ്രതിനിധികളായ ശ്രീ. ജോസ് തട്ടാമ്പറമ്പിൽ, ശ്രീ. രാഘവൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടികൾക്ക് വായനശാല ജോയിന്റ് സെക്രട്ടറി ശ്രീ. ഹമീദ് എ. നന്ദി രേഖപ്പെടുത്തി.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് മത്സരത്തിൽ മാറ്റുരച്ചത്.ക്വിസ് മാസ്റ്റർ ശ്രീകല ജിഷാദ് മത്സരം നിയന്ത്രിച്ചു.

വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. പങ്കെടുത്തവർക്കെല്ലാം വായനശാല കമ്മിറ്റിയുടെ വകയായി പായസ വിതരണവും ഉണ്ടായിരുന്നു.


No comments