Breaking News

കൂരാംകുണ്ട് സ്കൂളിൽ പഠിച്ചയാൾ ഇന്ന് വയനാട് ഡെപ്യൂട്ടി കളക്ടർ; സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥിയായി സ്വന്തം വിദ്യാലയത്തിലേക്ക്


െള്ളരിക്കുണ്ട് : താൻ പഠിച്ച വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി എത്തി പഴയ ഓർമ്മകൾ പങ്കുവെച്ച് വയനാട് ഡെപ്യൂട്ടി കളക്ടർ പി.വി. മുരളി. എൻ.എസ്.എസ്. എ.യു.പി. സ്കൂൾ പ്ലാച്ചിക്കരയുടെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് പൂർവ്വവിദ്യാർത്ഥി കൂടിയായ പി.വി. മുരളി വിശിഷ്ടാതിഥിയായി പങ്കെടുത്തത്.

1978 മുതൽ 1985 വരെയാണ് പി.വി. മുരളി കൂരാംകുണ്ട് സ്കൂളിൽ പഠിച്ചത്. അന്ന് കെ.ആർ. കേശവൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ എന്ന് അദ്ദേഹം ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ പറഞ്ഞു. തന്റെ അമ്മയും മക്കളും ഇതേ സ്കൂളിൽ പഠിച്ചവരാണെന്നതും വിദ്യാലയവുമായുള്ള തന്റെ ബന്ധത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമണി ടീച്ചർ ദേശീയ പതാക ഉയർത്തിയത്തോടെ ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷം വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം ജോമോൻ മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടിജു മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം ജോമോൻ മാത്യു സ്കൂളിന്റെ ആദരസൂചകമായി ഡെപ്യൂട്ടി കളക്ടർ പി.വി. മുരളിക്ക് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്കൂളിനായി ശ്യാം ആർട്സ് രാമചന്ദ്രൻ വരച്ച ഗാന്ധിജിയുടെ ചായാചിത്രവും ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, എം.പി.ടി.എ. പ്രസിഡന്റ് നയന സുധീഷ്, സീനിയർ പൂർവ്വവിദ്യാർത്ഥി നാരായണൻ കെ.വി. എന്നിവർ ആശംസകൾ നേർന്നു. തങ്കമണി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസന്ന ടീച്ചർ നന്ദി പറഞ്ഞു.

വിദ്യാർഥികളുടെ സ്വാതന്ത്ര്യദിന കലാപരിപാടികൾ ആസ്വദിച്ചും പായസം കഴിച്ചുമാണ് ഡെപ്യൂട്ടി കളക്ടർ പി.വി. മുരളി തന്റെ പൂർവ്വവിദ്യാലയത്തിൽ നിന്ന് മടങ്ങിയത്. പഴയ പഠനകാലത്തിന്റെ ഓർമ്മകൾ പുതുക്കിയ സന്ദർശനം വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ ഹൃദ്യമായി.

No comments