വെള്ളപ്പൊക്ക മേഖലകളിൽ ആരോഗ്യ ജാഗ്രത ശക്തമാക്കി; കിനാനൂർ–കരിന്തളം പഞ്ചായത്തിൽ സംയുക്ത സന്ദർശനം
കരിന്തളം: കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായ അണ്ടോൾ, കിനാനൂർ എന്നിവിടങ്ങളിൽ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളപ്പൊക്കാനന്തര സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്.
പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ, ശുചിത്വ സാഹചര്യം, ദുരിതബാധിതരുടെ ആരോഗ്യനില എന്നിവ വിലയിരുത്തിയ സംഘം അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി. എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ-പകർച്ചവ്യാധികൾ തടയുന്നതിന് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യുകയും കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
വെള്ളപ്പൊക്കത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ പനി, വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അനിത, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീമതി എൻ. ടി. ശ്യാമള, വാർഡ് അംഗം ശ്രീമതി യശോദ, മെഡിക്കൽ ഓഫീസർ ഡോ. സുനിത കെ. എൻ., ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നഴ്‌സ് ശ്രീമതി പ്രസീത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ശ്രീമതി സ്മിത പി. ഐസക്, എം.എൽ.എസ്.പി. ശ്രീമതി സൂര്യ, ആശ പ്രവർത്തകർ എന്നിവർ സന്ദർശനത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി
No comments