Breaking News

40 വര്‍ഷത്തിന് ശേഷം അച്ഛനെ മക്കള്‍ക്ക് തിരിച്ചു കിട്ടി;  മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ വികാരനിര്‍ഭരമായ കൂടിക്കാഴ്ച



നീലേശ്വരം  : നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വർഷങ്ങൾക്കുശേഷം മക്കൾക്ക് തിരിച്ചുകിട്ടി. നീലേശ്വരത്തിനു സമീപത്തെ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് അധികൃതരുടെ
നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൊല്ലം, ശാസ്താംകോട്ട സ്വദേശിയായ ലീൻ അഗസ്റ്റിൻ കുടുംബവുമായി വീണ്ടും ഒന്നിച്ചത്.
40 വർഷം മുമ്പാണ് ലിൻ അഗസ്റ്റിൻ കുടുംബത്തിൽ നിന്ന് അകന്ന് പോയത്. പല സ്ഥലങ്ങളിലും കഴിഞ്ഞ ശേഷം 16 വർഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിയത്.
അച്ഛനെ കാണാതായതിനെ തുടർന്ന് മക്കൾ വർഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അച്ഛൻ മരണപ്പെട്ടിരിക്കാമെന്ന ധാരണയിലായിരുന്നു രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
ഇതിനിടെ സ്ഥാപന അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലിൻ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്തു.
വിവരം ലഭിച്ചതോടെ മക്കൾ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തുകയും 40 വർഷങ്ങൾക്കുശേഷം പിതാവിനെ നേരിൽ കാണുകയും ചെയ്തു. ഏറെ വികാരനിർഭരമായ കൂടിക്കാഴ്ചയ്ക്കൊടുവിൽ അച്ഛനെ മക്കൾ സന്തോഷത്തോടെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 20 വർഷത്തോളമായി ആരോരുമില്ലാത്തവർക്കും കുടുംബത്തിൽ നിന്ന് അകന്നുപോയവർക്കും സംരക്ഷണവും അഭയവും നൽകിവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്. നിലവിൽ 120 പേർക്ക് സ്ഥാപനം അഭയവും പരിചരണവും നൽകിവരുന്നു. സുമനസ്സുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. 

No comments