മഴ പെയ്തതോടെ കുഴികൾ വീണ്ടും അപകടക്കെണി; സമര സമിതിയുടെ വാഴ നട്ട് പ്രതിഷേധം
നീലേശ്വരം: മഴ തുടങ്ങിയതോടെ നീലേശ്വരം കോൺവെന്റ് കവലയിലെയും താലൂക്ക് ആശുപത്രി മുതൽ കോൺവെന്റ് കവല വരെയുള്ള റോഡിലെയും കുഴികൾ വീണ്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. ഇതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി കോൺവെൻ്റ് കവലയിൽ വാഴ നട്ട് പ്രതിഷേധിച്ചു. അധ്യാപകനായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ നിരാഹാരം നടത്തിയതിനെ തുടർന്ന് ആറ് ലക്ഷം രൂപ താത്കാലിക അറ്റകുറ്റപ്പണിക്കായി അനുവദിച്ചതായും തുടർന്ന് ചർച്ചയിൽ പത്ത് ദിവസത്തിനകം കോൺവെന്റ് കവലയിലെ അപകടകരമായ കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
ഉറപ്പ് ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി നടത്തിയ നിരാഹാര സമരം ബാലകൃഷ്ണൻ മാസ്റ്റർ താൽക്കാലികമായി അവസാനിപ്പിക്കുകയും നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നൽകിയ നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഉറപ്പ് നൽകിയ സമയപരിധി കഴിഞ്ഞിട്ടും റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
കോൺവെന്റ് കവല നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രമായതിനാൽ അധികൃതർ നൽകിയ ഉറപ്പ് പാലിച്ച് അടിയന്തരമായി റോഡ് പുനരുദ്ധരിക്കണമെന്ന ആവശ്യത്തിൻമേൽ 6 ലക്ഷം ചെലവിൽ താത്കാലിക അറ്റകുറ്റപ്പണി നടത്തുമെന്ന ഉറപ്പും അധികൃതർ ലംഘിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ശക്തമായ മഴയിൽ വലിയ വാഹനങ്ങളുടെ പിറകിൽപ്പെട്ട് പോകുന്ന ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടാൻ സാധ്യത. നീലേശ്വരം - ഇടത്തോട് റോഡ് കരാർ അടിയന്തിരമായി പൂർത്തിയാക്കാനുള്ള ഇടപെടലാണ് ആവശ്യം. അറ്റകുറ്റപ്രവർത്തിക്കായി പ്രഖ്യാപിച്ച ആറ് ലക്ഷം രൂപ റോഡ് ടാറിംഗിന് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.അങ്ങിനെയാണെങ്കിൽ എന്തിനാണ് ഇത്തരം പാഴ്വാക്കുകൾ നൽകി ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്ന ചോദ്യമാണ് ജനങ്ങളിൽ നിന്നുയരുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത്. സമരം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിനോദ് കുമാർ കെ.സി, ഇ വേണുഗോപാലൻ നായർ ,ശ്രീജിത്, രാജേന്ദ്രൻ ബങ്കളം, മോഹനൻ നീലേശ്വരം, രാജു പഴനെല്ലി, കോൺവെൻ്റ് കവലയിലെ ഓട്ടോ ഡ്രൈവർമാർ എന്നിവർ സംസാരിച്ചു. സുരേഷ് പുതിയേടത്ത് സ്വാഗതം പറഞ്ഞു.
No comments