Breaking News

വന്യമൃഗ ശല്യം രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി


പനത്തടി: ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള വൻകിട തോട്ടങ്ങളിലും സ്വകാര്യ വ്യക്തികളുടെ ചെറുകിട തോട്ടങ്ങളിലും കൊടുംകാട് വെട്ടിത്തെളിക്കാത്തതുമൂലം പഞ്ചായത്തിലെ കർഷകർ നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

വൈസ് പ്രസിഡന്റ് എം. പത്മകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ. ബി. രതീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. കെ. വേണുഗോപാൽ, എൻ. വിൻസന്റ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

പ്ലാന്റേഷൻ കോർപ്പറേഷൻ, എൻ.എസ്.എസ്. തുടങ്ങിയ വൻകിട ഭൂവുടമകളുടെയും സ്ഥലത്ത് താമസമില്ലാത്ത സ്വകാര്യ വ്യക്തികളുടെയും ഏക്കർ കണക്കിന് ഭൂമിയിൽ കാട് വെട്ടിത്തെളിക്കാത്തതാണ് വന്യമൃഗങ്ങളുടെ ശല്യം വർധിക്കാൻ കാരണമാകുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂവുടമകളുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ, ഭൂവുടമകൾ കാട് വെട്ടിത്തെളിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് കളക്ടർ നിവേദക സംഘത്തിന് ഉറപ്പ് നൽകി.

No comments