നാടിന്റെ ഹൃദയമിടിപ്പറിയുന്ന ഡോക്ടർ മടങ്ങുന്നു ... തൃക്കരിപ്പൂരിന്റെ മാതൃക ഡോക്ടർക്ക് ഇനി വിശ്രമ ജീവിതം
തൃക്കരിപ്പൂർ : ആറു പതിറ്റാണ്ടുമുമ്പ് തൃക്കരിപ്പൂരിന്റെ ആതുര സേവനരംഗത്ത് നിറഞ്ഞുനിന്ന ഷെട്ടി കുടുംബത്തിലെ അവസാന കണ്ണിയും വൈദ്യസേവനം രംഗത്തുനിന്ന് പിൻവാങ്ങി. പിതാവ് ഡോ. സാംബപെട്ടിയുടെ പാതപിന്തുടർന്ന് 47 വർഷം തൃക്കരിപ്പൂരിൽ സേവനം ചെയ്ത ഡോ. ജയചന്ദ്രഷെട്ടി വിശ്രമ ജീവിതത്തിനായി സ്വദേശമായ മംഗളൂരു കദ്രിയിലേക്ക് മടങ്ങുകയാണ്. 79 കാരനായ അദ്ദേഹം തൃക്കരിപ്പൂരിനോട് ഔദ്യോഗികമായി യാത്രപറഞ്ഞു. 1979-ൽ പിതാവിനോടൊപ്പമാണ് തൃക്കരിപ്പൂരിൽ എത്തുന്നത്. മദ്രാസ് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്ന ഇവിടെ ഹെൽത്ത് ഓഫിസറായാണ് സാംബ ഷെട്ടി നിയമിതനായത്. വിരമിച്ചശേഷവും വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയിൽ ക്ലിനിക്ക് തുറന്നു. ചികിത്സയും മരുന്നും സ്വയം നൽകി. വിലക്കുറവുള്ള ജനറിക് മരുന്നുകൾ നൽകാനും ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ സ്മരണക്കായാണ് ഈ റോഡിന് ഡോ. ഷെട്ടി റോഡ് എന്ന് പേരിട്ടത്. 1989-ൽ സാംബ ഷെട്ടി അന്തരിച്ചതോടെ മകൻ ജയചന്ദ്രഷെട്ടി ആ ദൗത്യം ഏറ്റെടുത്തു. റെയിൽവേ സ്റ്റേഷനടുത്ത് ഓടിട്ട പഴയ കെട്ടിടത്തിലെ ചെറിയ മുറിയിലായിരുന്നു ഡോ. ജയചന്ദ്ര ഷെട്ടിയുടെ ക്ലിനിക്ക്. പുറംമോടികളിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം, ചികിത്സാ ചെലവുകൾ കുതിച്ചുയർന്ന കാലത്തും ഏറ്റവും കുറഞ്ഞ ചെലവിൽ രോഗികൾക്ക് ആശ്വാസമേകി. ആദ്യത്തെ 15 വർഷം ദിവസവും മംഗളുരുവിൽപോയി വന്നിരുന്ന അദ്ദേഹം പിന്നീട് ആഴ്ചയിൽ ഒരിക്കലാക്കി യാത്ര ചുരുക്കി. ഒരു നാടിന്റെ മുഴുവൻ വിശ്വാസം നേടിയ ഡോ. ജയചന്ദ്രഷെട്ടിയുടെ വിടവാങ്ങൽ തൃക്കരിപ്പൂരിന് വികാരനിർഭരമായ അനുഭവമാകുകയാണ്. ഇനി കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കും. ഭാര്യ ഉമ ഷെട്ടി. മക്കൾ: മംഗളൂരു യൂനിറ്റി ആശുപത്രിയിലെ വാസ്കുലർ സർജൻ ഡോ. നരേൻ ഷെട്ടി, ഓസ്ട്രേലിയയിൽ എൻജിനീയറായ ശ്യാംകുമാർ ഷെട്ടി.
No comments