പാണത്തൂർ ടൗണിലെ ചെണ്ടുമല്ലി പരിപാലകർക്ക് ആദരം
പാണത്തൂർ: പാണത്തൂർ ടൗണിനെ മനോഹരമാക്കുന്ന ചെണ്ടുമല്ലി ചെടികൾ പരിപാലിക്കുന്ന ജീപ്പ് ഡ്രൈവർ വിനേഷ്, സാമൂഹ്യ പ്രവർത്തകരായ അബു താഹിർ, കൃഷ്ണകുമാർ എന്നിവരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വൈസ് പ്രസിഡണ്ട് എം. പത്മകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്ത് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, മെമ്പർമാരായ കെ. കെ. വേണുഗോപാൽ, എം. ബാലകൃഷ്ണൻ, എം. ഷിബു, ഐസി ഐസക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വർഷങ്ങൾക്ക് മുമ്പ് പാണത്തൂർ ടൗണിനെ മനോഹരമാക്കുന്നതിനായി ടൗണിലെ ഓട്ടോ തൊഴിലാളികൾ പുഴയിൽനിന്ന് മണലും മണ്ണും കൊണ്ടുവന്ന് ഡിവൈഡർ നിറച്ച് നിരപ്പാക്കി അരളി, കൊണ്ടപ്പൂവ്, ചെത്തി തുടങ്ങിയ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പിന്നീട് കുറച്ചുകാലം ഇവയുടെ പരിപാലനം കാര്യമായി നടന്നിരുന്നില്ല.
കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമൊരുക്കുന്നതിനായി കൃഷിഭവന്റെ നേതൃത്വത്തിൽ കുടുംബശ്രീ വഴി ലഭിച്ച ചെണ്ടുമല്ലി തൈകൾ ഡിവൈഡറിൽ നട്ടുപിടിപ്പിക്കുകയും ആവശ്യമായ വെള്ളം നൽകി പരിപാലിക്കുകയും ചെയ്തതോടെയാണ് ടൗൺ വീണ്ടും പൂക്കളാൽ മനോഹരമായത്. വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വരും ദിവസങ്ങളിലും ടൗണിനെ കൂടുതൽ മനോഹരമാക്കുന്നതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജെ. ജെയിംസ് സ്വാഗതവും വാർഡ് മെമ്പർ പ്രസീത റാണി നന്ദിയും രേഖപ്പെടുത്തി.
No comments