Breaking News

കുട്ടിക്കൂട്ടത്തിന്റെ പ്രിയപ്പെട്ട ഷൈജു മാഷ്... കുട്ടിക്കൂട്ടത്തിനിടയിലേക്ക് മാഷെത്തിയാൽ പിന്നെ ആവേശമാണ് പാട്ടും കഥയും കളിയുമൊക്കെയായി കുട്ടികൾ മതിമറന്ന് അതിൽ ലയിക്കും...


പരപ്പ : കുട്ടിക്കൂട്ടത്തിനിടയിലേക്ക് ഷൈജു മാഷെത്തിയാൽ പിന്നെ ആവേശമാണ്. പാട്ടും കഥയും കളിയുമൊക്കെയായി കുട്ടികൾ മതിമറന്ന് അതിൽ ലയിക്കും.

സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബി.ആർ.സിയിലെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററായ ഷൈജു ബിരിക്കുളം, അക്കാദമിക രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുന്ന വ്യക്തിത്വമാണ്. അധ്യാപകനും അക്കാദമിക് പ്രവർത്തകനും നാടൻപാട്ട് കലാകാരനുമായ ഷൈജു മാഷ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന നൂറുകണക്കിന് ക്യാമ്പുകളിൽ നാടൻപാട്ടുകളും കുട്ടിപ്പാട്ടുകളുമായി പങ്കെടുത്തിട്ടുണ്ട്.

പാഠപുസ്തക രചനാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതിയുടെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും കീഴിൽ നടക്കുന്ന അധ്യാപക പരിശീലന പരിപാടികളിൽ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്ത അദ്ദേഹം കുട്ടികൾക്കായി 'The Rainy Day Parade' എന്ന ഇംഗ്ലീഷ് പുസ്തകവും രചിച്ചിട്ടുണ്ട്.

മികച്ച വോളിബോൾ താരമായ ഷൈജു മാഷ് സംസ്ഥാന റഫറിയായും അനൗൺസറായും അറിയപ്പെടുന്നു. ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലും ജിയോ ലാബുകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലും ജിയോ ലാബ് ഒരുക്കുന്ന ഏക ഉപജില്ലയാണ് ചിറ്റാരിക്കാൽ.

കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ 'ഒപ്പം' എന്ന പേരിൽ തനത് പദ്ധതിയായി ലേണിങ് കോർണറുകൾ ഒരുക്കിയും അദ്ദേഹം ശ്രദ്ധേയനായി. ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരവും 2021-ലെ നാട്ടറിവ് പ്രചാരകനുള്ള സംസ്ഥാന ഓടപ്പടം പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


No comments