Breaking News

ശാസ്ത്രമേളയ്ക്ക് കൈത്താങ്ങായി വരക്കാട് ഹൈസ്കൂളിലെ പ്രഥമ എസ്.എസ്.എൽ.സി ബാച്ച്


നർക്കിലക്കാട്: വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, കോട്ടമല എം.ജി.എം എ.യു.പി സ്കൂൾ എന്നിവിടങ്ങളിലായി സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയുടെ വിജയകരമായ നടത്തിപ്പിന് കൈത്താങ്ങായി വരക്കാട് ഹൈസ്കൂളിലെ പ്രഥമ എസ്.എസ്.എൽ.സി ബാച്ച്.

വരക്കാട് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, വിദ്യാലയം ആരംഭിച്ച കാലം മുതൽ എട്ടാം ക്ലാസിൽ പ്രവേശനം നേടി പ്രഥമ ബാച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തി നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്.

അന്ന് പ്രഥമ ബാച്ചിൽ 171 പേരാണ് വിദ്യാലയത്തിൽ പ്രവേശനം നേടിയിരുന്നത്. ഇവരിൽ പലരും മരണപ്പെട്ടെങ്കിലും ശേഷിക്കുന്നവരെ യൂറോപ്യൻ രാജ്യങ്ങൾ, മുൻ സോവിയറ്റ് രാജ്യങ്ങൾ, ഗൾഫ് നാടുകൾ, ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി കഴിയുന്നവരെ കണ്ടെത്തി വാട്സ്ആപ്പ് ഗ്രൂപ്പിൽ സജീവമാക്കിയിട്ടുണ്ട്.

അധ്യാപകർ, അഭിഭാഷകർ, കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ, വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾ, ജനപ്രതിനിധികൾ, മികച്ച കർഷകർ, ബിസിനസുകാർ, സ്വയംതൊഴിൽ സംരംഭകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പ്രഥമ ബാച്ചിലുണ്ട്.

2027 ജനുവരി 26ന് വിദ്യാലയത്തിൽ നടക്കുന്ന പ്രഥമ ബാച്ചിന്റെ വിജയകരമായ സംഗമത്തിനുള്ള ഒരുക്കങ്ങൾ നാട്ടിലും വിദേശത്തുമായി കഴിയുന്ന സഹപാഠികൾ നടത്തിവരുന്നതിനിടെയാണ് വരക്കാട്, കോട്ടമല വിദ്യാലയങ്ങളിലായി ഉപജില്ലാ ശാസ്ത്രമേള നടക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയെ അറിയിച്ചത്.

തുടർന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആവശ്യമായ തുക സമാഹരിച്ച് സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു.

പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ ഇന്നസെന്റ് ജോസഫ്, സ്കറിയ അബ്രഹാം, കെ.ജെ. പൈലി എന്നിവർ ചേർന്ന് പ്രധാനാധ്യാപിക പി.കെ. നിഷയ്ക്ക് ഫണ്ട് കൈമാറി.

No comments