ക്ഷേത്രത്തിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ആദരം; മാതൃകയായി അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം
വെള്ളരിക്കുണ്ട് : ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ആത്മീയ ജീവിതത്തിന്റെയും വിളക്കുകളാണ് ക്ഷേത്രങ്ങൾ. അത്തരം ക്ഷേത്രങ്ങൾ നിർമിക്കാനും കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും തലയെടുപ്പോടെ നിലനിർത്താനും പിന്നിൽ പ്രവർത്തിക്കുന്നത് നിരവധി പേരുടെ കഠിനാധ്വാനവും ത്യാഗവുമാണ്. അത്തരത്തിൽ ക്ഷേത്രത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ചവരെ കണ്ടെത്തി ആദരിച്ച് മാതൃകയാവുകയാണ് അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം ഭാരവാഹികൾ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാനവമി നാളിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരും ഇപ്പോൾ വീടുകളിൽ വിശ്രമജീവിതം നയിക്കുന്നവരുമായ അമ്പതോളം പേരെ ആദരിച്ചത്. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഇവർക്ക് പൊന്നാട ചാർത്തിയാണ് ആദരവ് നൽകിയത്.
'പുണ്യവന്ദനം' എന്ന പേരിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പി. നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു.
മക്കൾക്കെതിരെ പരാതിയുമായി എത്തുന്ന അച്ഛനമ്മമാർ പോലും കേസെടുക്കേണ്ടെന്നും മക്കളെ ഉപദേശിച്ച് വിട്ടാൽ മതിയെന്നും പറയുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. മക്കൾ എത്രത്തോളം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചാലും അത് തുറന്നുപറയാൻ മാതാപിതാക്കൾ പലപ്പോഴും തയ്യാറാകാറില്ലെന്നും അവർ എന്നും മക്കൾക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷത വഹിച്ചു.വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി. തമ്പാൻ നായർ, ദാമോദരൻ പുലിക്കോടൻ, ടി.പി. രാഘവൻ, കനകരാജൻ പള്ളിക്കൈ, സുരേഷ് പുലിക്കോടൻ, പി.എൻ. വിജയകുമാർ, മാതൃസമിതി പ്രസിഡന്റ് ജിനി സുരേഷ് എന്നിവർ സംസാരിച്ചു.
പി.ജി. വിനോദ് കുമാർ സ്വാഗതവും സജി മാമ്പ്രയിൽ നന്ദിയും പറഞ്ഞു.

No comments